ഇസ്രയേല്‍ തെരഞ്ഞെടുപ്പ് ; അഞ്ചാം തവണയും നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തേക്ക്

നെതന്യാഹുവിന്റെ ലിക്കുദ് പാര്‍ട്ടി കെനേസത്തിലെ 37 സീറ്റുകള്‍ നേടിയിട്ടുണ്ട്.
ഇസ്രയേല്‍ തെരഞ്ഞെടുപ്പ് ; അഞ്ചാം തവണയും നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തേക്ക്

ജെറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബഞ്ചമിന്‍ നെതന്യാഹുവിന് റെക്കോര്‍ഡ് വിജയം. ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 

96 ശതമാനം വോട്ടുകളും എണ്ണിത്തീര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ നെതന്യാഹുവിന്റെ 'ലിക്കുദ് പാര്‍ട്ടി' കെനേസത്തിലെ 37 സീറ്റുകള്‍ നേടിയിട്ടുണ്ട്. ബെന്നി ഗാന്റ്‌സിന്റെ 'ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി' 36 സീറ്റുകള്‍ നേടിയിട്ടുണ്ട്. 

120 സീറ്റുകളാണ് ഇസ്രയേല്‍ പാര്‍ലമെന്റായ കെനേസത്തിലുള്ളത്. ശക്തമായ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നെതന്യാഹുവിന് യാതൊരു തടസ്സവും ഉണ്ടാവില്ലെന്നാണ് അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

ഇന്നുവരെ കെനേസത്തില്‍ ഒരു പാര്‍ട്ടിയും ഒറ്റയ്ക്ക് ഭരിച്ച ചരിത്രമില്ല. വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റമുള്‍പ്പടെയുള്ള വിഷയത്തില്‍ തെരഞ്ഞെടുപ്പിന് അടുത്ത ദിവസങ്ങളില്‍ നെതന്യാഹു പ്രഖ്യാപിച്ച നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് വേണം വോട്ടുനിലയില്‍ നിന്ന് അനുമാനിക്കാന്‍.

 കഴിഞ്ഞ 13 വര്‍ഷമായി നെതന്യാഹുവാണ് ഇസ്രയേലിന്റെ പ്രധാനമന്ത്രി. ഈ വിജയത്തോടെ ഇസ്രയേല്‍ രാഷ്ട്രപിതാവ് ബെന്‍ ഗൂറിയന്‍ ഭരിച്ചതിലും കാലം അധികാരത്തില്‍ തുടരാനുള്ള അവസരമാണ് നെതന്യാഹുവിന് കൈവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com