വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2019 03:31 PM |
Last Updated: 11th April 2019 03:36 PM | A+A A- |

ലണ്ടന്‍ : വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അറസ്റ്റില്‍. ലണ്ടന്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നാണ് അസാഞ്ജിനെ അറസ്റ്റ് ചെയ്തത്. ഇക്വഡോര്‍ അംബാസിഡറുടെ അനുമതിയോടെയാണ് അറസ്റ്റ്.
ഏഴു വര്‍ഷമായി അസാഞ്ജ് ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. അമേരിക്കന്‍ രഹസ്യരേഖകള്‍ പുറത്തുവിട്ടതിന് വര്‍ഷങ്ങളായി അസാഞ്ജ് അറസ്റ്റ് ഭീഷണിയിലായിരുന്നു.
ഇക്വഡോര്‍ അസാഞ്ജിന് നല്‍കിയ രാഷ്ട്രീയ അഭയം അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി അസാഞ്ജ് നടത്തുന്ന ഇടപെടലുകള്‍ ഇക്വഡോറിന്റെ വിദേശബന്ധങ്ങളെ ബാധിക്കുന്നു എന്നുചൂണ്ടിക്കാട്ടിയാണ് അഭയം നല്‍കിയത് റദ്ദാക്കിയത്.
ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ എന്നിവയുമായുള്ള നയതന്ത്രബന്ധങ്ങളില്‍ ഉലച്ചിലുണ്ടാക്കുന്നതാണ് അസാഞ്ജിന്റെ പ്രവര്‍ത്തികളെന്ന് ഇക്വഡോര്‍ ആരോപിച്ചിരുന്നു. ഇക്വഡോറിന്റെ മുന്‍പ്രസിഡന്റ് റാഫേല്‍ കോറേയാണ് അസാഞ്ജിന് എംബസിയില്‍ അഭയം നല്‍കിയത്.
സ്വീഡന്‍ അസാഞ്ജിനെതിരെ ലൈംഗീകാരോപണകേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നാണ് ഇക്വഡോര്‍ എംബസിയില്‍ അഭയം തേടാന്‍ അസാഞ്ജ് നിര്‍ബന്ധിതനായത്. പിന്നീട് സ്വീഡന്‍ കേസ് ഉപേക്ഷിച്ചെങ്കിലും, ജാമ്യവ്യവസ്ഥകള്‍ തെറ്റിച്ചതിന് അദ്ദേഹത്തിനെതിരെ ബ്രിട്ടന്‍ നിയമനടപടി സ്വീകരിച്ചിരുന്നു.
അമേരിക്ക അടക്കമുള്ള നിരവധി രാജ്യങ്ങളുടെ തന്ത്രപ്രധാന നയതന്ത്ര വിവരങ്ങള്‍ വിക്കീലിക്ക്‌സ് വഴി പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ലോകരാജ്യങ്ങള്‍ അസാഞ്ജിനെ വേട്ടയാടാന്‍ തുടങ്ങിയത്.