ബ്രെക്‌സിറ്റ് ഹാലോവീന്‍ വരെ നീളും; യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടണ്‍ ധാരണയിലെത്തി

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളായ 27 നേതാക്കളോടും ഒരു മണിക്കൂറിലേറെ നേരം സംസാരിച്ച ശേഷമാണ് സുപ്രധാന തീരുമാനം
ബ്രെക്‌സിറ്റ് ഹാലോവീന്‍ വരെ നീളും; യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടണ്‍ ധാരണയിലെത്തി

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകുന്നത് ഹാലോവീന്‍ വരെ നീട്ടിവയ്ക്കുന്നതിനുള്ള ധാരണയില്‍ ബ്രിട്ടണ്‍ എത്തിച്ചേര്‍ന്നു. ആറ് മണിക്കൂറിലേറെ നീണ്ട നിര്‍ണായക യോഗത്തിന് ശേഷമാണ് ഒക്ടോബര്‍ 31 വരെ ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ജൂണ്‍ 30 വരെ ബ്രിട്ടണ്‍ തുടരുമെന്നാണ് ഇയു പ്രതീക്ഷിച്ചിരുന്നതെങ്കിലും തുറന്ന സമീപനമാണ് ബ്രിട്ടണില്‍ നിന്നും ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് ഹാലോവീന്‍ വരെ നീട്ടാന്‍ തീരുമാനിച്ചത്.

ഹാലോവീന്‍ വരെ ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവയ്ക്കാനുള്ള തീരുമാനം ബ്രിട്ടണില്‍ നിലവിലുള്ള ബ്രെക്‌സിറ്റ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനാണെന്നുള്ള വാദം ഉയര്‍ന്നിട്ടുണ്ട്.ബ്രിട്ടണ്‍  യൂണിയനില്‍ നിന്നും പുറത്ത് സ്വതന്ത്രമായി നില്‍ക്കാനുള്ള ഒരു സമയം  അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കുകയായിരുന്നു. 

സുഗമമായ ബ്രെക്‌സിറ്റിനായി ജൂണ്‍ 30 വരെയുള്ള സമയം തന്നെ ധാരാളമാണ് എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ നിലപാട്. പക്ഷേ മൂന്ന് തവണ ലെജിസ്ലേറ്റര്‍മാര്‍ ഈ നിര്‍ദ്ദേശം പരാജയപ്പെടുത്തിയതോടെയാണ് നിലപാടുകളില്‍ അയവ് വരുത്താന്‍ മേയ് തീരുമാനിച്ചത്. 

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളായ 27 നേതാക്കളോടും ഒരു മണിക്കൂറിലേറെ നേരം സംസാരിച്ച ശേഷമാണ് സുപ്രധാന തീരുമാനം മേയ് എടുത്തത്. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ അധികാരം ഒഴിയുമെന്ന് തെരേസാ മെയ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റ് പൂര്‍ത്തിയാകുന്നത് വരെ മെയ് തുടരേണ്ട എന്നാണ് മറ്റ് പാര്‍ട്ടികള്‍ പറയുന്നത്. മേയ് പറയുന്നത് പോലെ കഠിനമായ ബ്രെക്‌സിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. യൂണിയനുമായി സാമ്പത്തിക ബന്ധം നിലനിര്‍ത്താന്‍ സാധിക്കുന്ന മൃദുനയങ്ങളാണ് കരാറില്‍ വേണ്ടതെന്നാണ് ലേബര്‍ നേതാക്കള്‍ പറയുന്നത്. 

പാശ്ചാത്യ ക്രിസ്തുമത വിശ്വാസം അനുസരിച്ച് വിശുദ്ധന്‍മാരുടെ തിരുനാളുകള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള ദിവസമാണ് ഒക്ടോബര്‍ 31. ഓള്‍ ഹൗലോസ് ഈവ് ( വിശുദ്ധന്‍മാരുടെ വൈകുന്നേരം എന്ന) എന്നാണ് ഇതിന്റെ അര്‍ത്ഥം. അന്നേ ദിവസം വീടുകളില്‍ ആഘോഷം സംഘടിപ്പിക്കുകയും വീടിന് മുകളില്‍ ഹാലോവീന്‍ രൂപങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുകയും ചെയ്യാറുണ്ട്. ചിലര്‍ പേടിപ്പിക്കുന്ന വേഷങ്ങള്‍ ധരിച്ച് മറ്റുള്ളവരെ പേടിപ്പിക്കാറുമുണ്ട്. ഹാലോവീന്‍ വരെ ബ്രെക്‌സിറ്റ് നീട്ടാന്‍ പ്രധാനമന്ത്രി തെരേസാ മെയ് സമ്മതിച്ചത് എല്ലാം കൊണ്ടും ഒരു പുതിയ തുടക്കത്തിനാവാം എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com