പ്രസിദ്ധമായ നോത്ര ദാം കത്തീഡ്രലിൽ വൻ തീപിടുത്തം; പ്രധാന ഗോപുരവും മേൽക്കൂരയും പൂര്‍ണമായും കത്തി നശിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th April 2019 07:26 AM |
Last Updated: 16th April 2019 07:26 AM | A+A A- |

പാരീസ്: പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്തീഡ്രൽ പള്ളിയിൽ വൻ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ പള്ളിയിടെ പ്രധാന ഗോപുരവും തടി ഉപയോഗിച്ചുള്ള മേൽക്കൂരയും പൂര്‍ണമായും കത്തി നശിച്ചു. നവീകരണ പ്രവര്‍ത്തനങ്ങൾ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പള്ളിയുടെ പ്രധാന കെട്ടിടവും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. നിമിഷങ്ങള്‍ക്കുള്ളില്‍ പടര്‍ന്നുപിടിച്ച തീ ഗ്ലാസ് ജനാലകള്‍ തകര്‍ത്ത് മേല്‍ക്കൂരയിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. 500ഓളം അഗ്നിശമന സേനാ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം വിശ്വാസികള്‍ എത്തുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് നോത്ര ദാം. മണിക്കൂറുകള്‍ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ക്രിസ്ത്യന്‍ ആചാരങ്ങളുമായി ബന്ധപ്പെട്ട പല അമൂല്യ വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇവയ്ക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ ഭാഗം, കുരിശില്‍ തറയ്ക്കാനുപയോഗിച്ച ആണികളില്‍ ഒന്ന്, യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ തലയില്‍ ധരിപ്പിച്ച മുള്‍ക്കിരീടത്തിന്റെ ഭാഗം തുടങ്ങിയവ ഇവിടെ സൂക്ഷിച്ചുപോന്നിരുന്നവയാണ്. ഇതിനുപുറമെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി അമൂല്യ കലാവസ്തുക്കളും പെയിന്റിങ്ങുകളും കത്തീഡ്രലില്‍ സൂക്ഷിച്ചിരുന്നു. ഇവയെല്ലാം സുരക്ഷിതമാണെന്നാണ് റിപ്പോർട്ടുകൾ.