ബലൂചിസ്ഥാനില്‍ ഭീകരാക്രമണം ; 14 യാത്രക്കാരെ ബസില്‍ നിന്ന് പുറത്തിറക്കി വെടിവച്ചു കൊന്നു, അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍

ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്കുള്ള മക്രാന്‍ തീരദേശ ദേശീയ പാതയ്ക്ക് സമീപം വച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ നിര്‍ബന്ധമായി പുറത്തിറക്കി വെടിവച്ചു കൊന്നത്
ബലൂചിസ്ഥാനില്‍ ഭീകരാക്രമണം ; 14 യാത്രക്കാരെ ബസില്‍ നിന്ന് പുറത്തിറക്കി വെടിവച്ചു കൊന്നു, അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍

കറാച്ചി: ബസ് യാത്രക്കാരായ 14 പേരെ അര്‍ധസൈനിക വേഷത്തിലെത്തിയ ഭീകരര്‍ വെടിവച്ചു കൊന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്കുള്ള മക്രാന്‍ തീരദേശ ദേശീയ പാതയ്ക്ക് സമീപം വച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ നിര്‍ബന്ധമായി പുറത്തിറക്കി വെടിവച്ചു കൊന്നത്. വെടിയുതിര്‍ക്കും മുമ്പ് ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ സംഘം പരിശോധിച്ചിരുന്നു. അക്രമികള്‍ ബസില്‍ നിന്നും പുറത്തിറക്കിയ ആളുകളില്‍ രണ്ട് പേര്‍ ഓടിരക്ഷപെട്ടു.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ബലൂചിസ്ഥാന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മൊഹ്‌സീന്‍ ഹാസന്‍ ബട്ട് വെളിപ്പെടുത്തി. 

കറാച്ചിക്കും ഗ്വാഡറിനും ഇടയില്‍  ആറോളം ബസുകളാണ് അക്രമികള്‍ തടഞ്ഞു നിര്‍ത്തിയത്. 20 പേര്‍ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതായി രക്ഷപെട്ടവര്‍ വാര്‍ത്താ ഏജന്‍സികളോട് വെളിപ്പെടുത്തി. സാധാരണയായി നടന്ന് വരുന്ന പരിശോധനയാണെന്ന് തോന്നിയതിനാലാണ് വാഹനം നിര്‍ത്തി ആളുകളെ ഇറക്കിയതെന്ന് ബസ് ഡ്രൈവറും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പാകിസ്ഥാനിലെ വളരെ ദരിദ്രമായ പ്രദേശമാണ് ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായ ബലൂചിസ്ഥാന്‍. സാധാരണയായി ഷിയ മുസ്ലിങ്ങളാണ് അക്രമത്തിന് ഇരയാകുന്നത്. കഴിഞ്ഞയാഴ്ച ഖ്വേട്ടയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com