ഒമ്പത് സഹപാഠികളെ വകവരുത്താന്‍ പദ്ധതിയിട്ടു ; മാസ്റ്റര്‍പ്ലാന്‍ വെളിയിലായത് അധ്യാപിക കംപ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ ; രണ്ട് വിദ്യാര്‍ത്ഥിനികള്‍ പിടിയില്‍

കൊല ആസൂത്രണം ചെയ്ത രണ്ട് 14 കാരികളായ വിദ്യാര്‍ത്ഥിനികള്‍ പിടിയിലായി
ഒമ്പത് സഹപാഠികളെ വകവരുത്താന്‍ പദ്ധതിയിട്ടു ; മാസ്റ്റര്‍പ്ലാന്‍ വെളിയിലായത് അധ്യാപിക കംപ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ ; രണ്ട് വിദ്യാര്‍ത്ഥിനികള്‍ പിടിയില്‍

ഫ്‌ളോറിഡ : സഹപാഠികളായ ഒമ്പതുപേരെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയ രണ്ടു പെണ്‍കുട്ടികള്‍ പിടിയില്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. സ്‌കൂള്‍ കംപ്യൂട്ടറിലെ ഫോള്‍ഡറുകള്‍ അധ്യാപിക പരിശോധിച്ചതോടെയാണ് പദ്ധതി പുറംലോകം അറിഞ്ഞത്. കൊല ആസൂത്രണം ചെയ്ത രണ്ട് 14 കാരികളായ വിദ്യാര്‍ത്ഥിനികള്‍ പിടിയിലാകുകയും ചെയ്തു. 

ആവണ്‍ പാര്‍ക് മിഡില്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളാണ് കൊലപാതക ഗൂഢാലോചനയ്ക്ക് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിദ്യാര്‍ത്ഥിനികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അധ്യാപിക നടത്തിയ പരിശോധനയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

പല ഫോള്‍ഡറുകളിലായി എട്ടുപേജിലായിരുന്നു സ്‌കൂള്‍ കംപ്യൂട്ടറില്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. പ്രൈവറ്റ് ഇന്‍ഫോ, ഡു നോട്ട് ഓപ്പണ്‍, പ്രോജക്ട് 11/9 എന്നിങ്ങനെയാണ് ഫോള്‍ഡറുകള്‍ക്ക് പേര് നല്‍കിയിരുന്നത്. ഈ പേരുകളില്‍ സംശയം തോന്നിയതു കൊണ്ടാണ് അധ്യാപിക ഇത് തുറന്നു നോക്കിയത്. ഫോള്‍ഡറുകള്‍ പരിശോധിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥിനികള്‍ ഭയപ്പെട്ടിരുന്നു. പിടിക്കപ്പെട്ടാല്‍ ഇത് വെറും തമാശയാണെന്ന് പറയുമെന്ന് ഒരു കുട്ടി ശബ്ദം താഴ്ത്തി പറയുന്നത് കേട്ടെന്നും അധ്യാപിക വ്യക്തമാക്കി. 

എട്ടുപേജുകളിലായി എങ്ങനെ കൊല്ലണം, കൊല്ലേണ്ടത് ആരെയൊക്കെ, ഏതൊക്കെ തോക്ക് ഉപയോഗിക്കാം, മൃതദേഹങ്ങള്‍ കത്തിച്ച് തെളിവുകള്‍ എങ്ങനെ നശിപ്പിക്കാം എന്നീ കാര്യങ്ങള്‍ വിശദമായി എഴുതിയിട്ടുണ്ട്. മറ്റൊരു ഫോള്‍ഡറില്‍ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നു. പെണ്‍കുട്ടികളാണെന്ന് മനസിലാകാതിരിക്കാന്‍ തലമുടി കാണാത്ത വിധം വസ്ത്രം ധരിക്കണമെന്നാണ് പ്രത്യേകം എഴുതിയിട്ടുണ്ട്.  

സ്വന്തം കൈയ്യക്ഷരത്തിലാണ് പെണ്‍കുട്ടികള്‍ പദ്ധതി എഴുതി തയ്യാറാക്കിയതെന്ന് അധികൃതർ സൂചിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കെതിരെ ആസൂത്രണം, തട്ടികൊണ്ടു പോകല്‍ തുടങ്ങി ഒമ്പതു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആളുകളെ കൊല്ലണമെന്ന് കരുതുന്നത് തമാശയായി കാണാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com