ശ്രീലങ്കന്‍ സ്‌ഫോടനങ്ങളില്‍ മരിച്ചത് 13 കോടി പേര്‍, അബദ്ധം പിണഞ്ഞ് വീണ്ടും ട്രംപ് 

സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചുള്ള  ട്രംപിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്
ശ്രീലങ്കന്‍ സ്‌ഫോടനങ്ങളില്‍ മരിച്ചത് 13 കോടി പേര്‍, അബദ്ധം പിണഞ്ഞ് വീണ്ടും ട്രംപ് 

വാഷിംഗ്ടണ്‍ : ശ്രീലങ്കന്‍ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ട്വീറ്റിലെ അബദ്ധമാണ് വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ അതിപൈശാചിക ഭീകരാക്രമണങ്ങളില്‍ 13 കോടി ജനങ്ങള്‍ കൊല്ലപ്പെട്ടു. 600 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തോട് അമേരിക്കന്‍ ജനതയുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഏത് തരത്തിലുള്ള സഹായത്തിനും അമേരിക്ക റെഡിയാണ് എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. 

138 പേര്‍ക്ക് പകരം 138 ദശലക്ഷം എന്ന് രേഖപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്. അമളി മനസ്സിലാക്കിയ ട്രംപ് അര മണിക്കൂറിനകം ട്വീറ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിനിടെ തന്നെ സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തിരുന്നു. ട്രംപിന്റെ ഡിലീറ്റ് ചെയ്ത ട്വീറ്റ് 2000 ഓളം പേരാണ് റീട്വീറ്റ് ചെയ്തത്. 9000 പേര്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

2017 ലെ സെന്‍സസ് പ്രകാരം ശ്രീലങ്കയില്‍ 21.4 ദശലക്ഷം ജനങ്ങള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ ട്വീറ്റിലെ 138 ദശലക്ഷം  എന്താണ് ഉദ്ദേശിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഉയരുന്നു. അദ്ദേഹം എന്ത് പുകയാണ് വലിച്ചത് ? ; പ്രസിഡന്റ് ഇത്തരത്തില്‍ നിരുത്തരവാദപരമായി ട്വീറ്റ് ഇടരുത്, 13 കോടി ജനങ്ങളെ കൊല്ലുകയും വെറും 600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യാന്‍ എന്ത് ആയുധമാണ് അക്രമികള്‍ ഉപയോഗിച്ചത് ? തുടങ്ങിയ വിമര്‍ശനങ്ങളാണ് ആളുകള്‍ ഉയര്‍ത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com