ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയിലും ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 360 പേരാണ് കൊല്ലപ്പെട്ടത്. 
ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു

കൊളംബോ: സുരക്ഷാഭീഷണി തുടര്‍ന്ന് ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു. സുരക്ഷാസേനയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയിലും ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 360 പേരാണ് കൊല്ലപ്പെട്ടത്. 

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും പരിശോധനകളും അറസ്റ്റും ഇപ്പോഴും തുടരുകയാണ്. പലയിടത്തും പരിശോധനകള്‍ക്കിടെയും  ബോംബ് സ്‌ഫോടനമുണ്ടായി. ഈ സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ പള്ളികളിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കാന്‍ കത്തോലിക്കാ സഭ തീരുമാനിച്ചത്. ശവസംസ്‌കാരച്ചടങ്ങുകള്‍ക്ക് തീരുമാനം ബാധകമല്ല.

അതേസമയം, സുരക്ഷ മുന്‍നിര്‍ത്തി പൊതുനിരത്തുകളില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് 6300 ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ബ്രിഗേഡിയര്‍ സുമിത് അട്ടപ്പട്ടു അറിയിച്ചു. നാവിക, വ്യോമ സേനകളും 2000 പേരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. 

ഇതിനിടെ ഈസ്റ്റര്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കൊളംബോയില്‍ നിന്നും 40 കിലോ മീറ്റര്‍ അകലെയുള്ള പുഗോഡയില്‍ സ്‌ഫോടനമുണ്ടായതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. മജിസ്‌ട്രേറ്റ് കോടതിക്ക് പിന്നിലുള്ള ഗ്രൗണ്ടിലാണ് സ്‌ഫോടനമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com