'ഭീകരനെ ഞാനാണ് പള്ളിയിലേക്ക് ക്ഷണിച്ചത്'; സ്‌ഫോടനം നടത്തിയ ചാവേറിനെക്കുറിച്ച് പള്ളിയിലെ പാസ്റ്റര്‍

14 കുട്ടികളടക്കം 29 പേരാണ് സിയോണ്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്
'ഭീകരനെ ഞാനാണ് പള്ളിയിലേക്ക് ക്ഷണിച്ചത്'; സ്‌ഫോടനം നടത്തിയ ചാവേറിനെക്കുറിച്ച് പള്ളിയിലെ പാസ്റ്റര്‍

കൊളംബോ; ബോംബുമായി എത്തിയ ചാവേറിനെ പ്രാര്‍ത്ഥനയ്ക്കായി ക്ഷണിച്ചത് താനാണെന്ന് സിയോണ്‍ പള്ളിയിലെ പാസ്റ്ററായ ബ്രദര്‍ സാറ്റാന്‍ലി. ആശുപത്രിയില്‍ വെച്ച് ബിബിസി തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാന്‍ലി ഭീകരനെ കുറിച്ച് സംസാരിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ സിയോണ്‍ പള്ളിയില്‍ ഉള്‍പ്പടെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ നൂറുകണക്കിന് ആളുകളാണ് മരിച്ചത്. 

പ്രാര്‍ത്ഥന എപ്പോള്‍ തുടങ്ങും എന്നാണ് സ്റ്റാന്‍ലിയോട് ഭീകരന്‍ ചോദിച്ചത്. ഒമ്പതു മണിക്ക് തുടങ്ങുമെന്ന് പള്ളിയുടെ അകത്തേക്ക് കയറിയിരിക്കാനും സ്റ്റാന്‍ലി അയാളോട് പറഞ്ഞു. എന്നാല്‍ ഫോണ്‍ വരാനുണ്ടെന്നും പിന്നീട് വരാമെന്നും പറഞ്ഞ് അയാള്‍ ക്ഷണം നിരസിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു അയാള്‍. തോളിലൊരു ബാഗും മുന്‍വശത്തായി ഒരു ക്യാമറാ ബാഗുമാണ് അയാളുടെ കൈയിലുണ്ടായിരുന്നതെന്നും സ്റ്റാന്‍ലി പറഞ്ഞു. 

പ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ ഞാന്‍ പള്ളിയ്ക്കകത്തേക്ക് പോയി. ഒന്നോ രണ്ടോ മിനുട്ട് കഴിഞ്ഞപ്പോള്‍ പള്ളിയുടെ പുറത്തുവെച്ച് അയാള്‍ ബോബ് പൊട്ടിക്കുകയായിരുന്നു. സണ്‍ഡേ ക്ലാസുകള്‍ കഴിഞ്ഞ് കുറേ കുട്ടികളെ അവിടെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ബോംബ് പൊട്ടിയത്. സ്‌ഫോടനത്തില്‍ സമീപത്തുള്ള വാഹനങ്ങള്‍ക്കും ജനറേറ്ററുകള്‍ക്കും തീപിടിച്ചു. തീ കാരണം ഞങ്ങള്‍ക്ക് പരിക്കേറ്റവരെ രക്ഷിക്കാനായില്ല. ഒന്നോ രണ്ടോ കുട്ടികളെ തീയില്‍ നിന്ന് രക്ഷപ്പെടുത്താനായി. പറ്റാവുന്നവരെയെല്ലാം രക്ഷപ്പെടുത്തി. ഇതിന് ശേഷം വലിയൊരു സ്‌ഫോടനമുണ്ടായി. ആരാണ് മരിച്ചത്, രക്ഷപ്പെട്ടതെന്നറിയാതെ ഞങ്ങള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയാണുണ്ടായത്. എന്റെ മകനെയും ഭാര്യയെയും കാണാതായി. ആശുപത്രിയിലാണ് പിന്നീടവരെ കണ്ടെത്തിയത്.' മകനെ ചേര്‍ത്തു പിടിച്ച് കരച്ചില്‍ അടക്കിക്കൊണ്ട് സ്റ്റാന്‍ലി പറഞ്ഞു. 

ചര്‍ച്ചിന് മുന്നിലെ ഓഫീസിന് സമീപത്തുവെച്ചാണ് ചാവേര്‍ പൊട്ടിച്ചിതറിയത്. 14 കുട്ടികളടക്കം 29 പേരാണ് സിയോണ്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്‌ഫോടന പരമ്പരയുടെ ഞെട്ടലില്‍ നിന്ന് ഇതുവരെ ശ്രീലങ്ക മോചിതരായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com