ശ്രീലങ്കയില്‍ ബുദ്ധക്ഷേത്രങ്ങളില്‍ വനിതാ ചാവേര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത ; ഇന്റലിജന്‍സ് മുന്നറിയിപ്പ് ; രാജ്യത്ത് ബുര്‍ഖയ്ക്ക് നിരോധനം

നാഷണല്‍ തൗഹീദ് ജമാ അത്താണ് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് ലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു
ശ്രീലങ്കയില്‍ ബുദ്ധക്ഷേത്രങ്ങളില്‍ വനിതാ ചാവേര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത ; ഇന്റലിജന്‍സ് മുന്നറിയിപ്പ് ; രാജ്യത്ത് ബുര്‍ഖയ്ക്ക് നിരോധനം


കൊളംബോ : ശ്രീലങ്കയില്‍ വീണ്ടും ചാവേര്‍ ആക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ബുദ്ധ ക്ഷേത്രങ്ങളില്‍ വനിതാ ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഭക്തരുടെ വേഷത്തിലെത്തിയാകും ആക്രമണം. ഐഎസ് അനുകൂല പ്രാദേശിക ഭീകരസംഘടനയായ നാഷണല്‍ തൗഹീദ് ജമാ അത്താണ് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നും ലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. 

ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ നടുക്കിയ സ്‌ഫോടനപരമ്പരയ്ക്ക് പിന്നാലെ നടത്തിയ റെയ്ഡിലാണ് ഇതുസംബന്ധിച്ച സൂചന ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചത്. ലങ്കയിലെ കിഴക്കന്‍ പ്രവിശ്യയിലെ സൈന്താമുരുത്തു ഏരിയയില്‍ നടത്തിയ റെയ്ഡിലാണ് നിര്‍ണായക തെളിവ് ലഭിച്ചത്. 

ഇവിടെ ഒരു വീട്ടില്‍ നിന്നും ബുദ്ധ സന്യാസിനിമാര്‍ ധരിക്കുന്ന പ്രത്യേക തരത്തിലുള്ള വെളുത്ത വസ്ത്രങ്ങള്‍ കണ്ടെടുത്തു. ഇതിന്റെ അഞ്ചു ജോഡിയാണ് കണ്ടെടുത്തത്. മാര്‍ച്ച് 29 ന് മുസ്ലിം യുവതികള്‍ ഗിരുവിലയിലെ ഒരു ടെസ്റ്റയില്‍സ് ഷോപ്പില്‍ നിന്നും 29,000 ലങ്കന്‍ രൂപയ്ക്ക് ഒമ്പതു ജോഡി, ബുദ്ധസന്യാസിനിമാരുടെ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ബുദ്ധസന്യാസിനിമാരുടെ അവശേഷിക്കുന്ന വസ്ത്രങ്ങള്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. 

അതിനിടെ മുഖാവരണം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ശ്രീലങ്കന്‍ പ്രസിഡന്റ് ഉത്തരവിറക്കി. സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തിലാണ് സിരിസേന പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് മുസ്ലിം സ്ത്രീകള്‍ക്ക് ബുര്‍ഖ ധരിച്ച് ഇന്നുമുതല്‍ പൊതുസ്ഥലത്ത് ഇറങ്ങാനാകില്ല. 

ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തതെന്നും, മുഖാവരണം ധരിക്കുന്നത് ആളുകളെ തിരിച്ചറിയുന്നതിന് തടസ്സമാകുന്നു എന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com