ഒസാമ ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടു; റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2019 08:27 AM  |  

Last Updated: 01st August 2019 08:27 AM  |   A+A-   |  

bin_ladan

 

ന്യൂയോര്‍ക്ക്: അല്‍ഖ്വെയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഹംസ കൊല്ലപ്പെട്ടതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

സൗദി അറേബ്യക്കെതിരെ നിരന്തരം ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്ന ഹംസ പരസ്യ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ഹംസയുടെ പൗരത്വം സൗദി റദ്ദാക്കിയിരുന്നു. ഫ്രെബ്രുവരിയില്‍ ഹംസയുടെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നു. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തതിന് പി്ന്നാലെയായിരുന്നു ഇത്. ഹംസ എവിടെയുണ്ടെന്നു പറഞ്ഞുകൊടുക്കുകയോ കുറഞ്ഞത് സൂചന നല്‍കുകയോ ചെയ്താല്‍ പത്ത് ലക്ഷം യുഎസ് ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. 

ബുധനാഴ്ച രാവിലെയാണ് ഹംസ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. 30 വയസ്സുണ്ടെന്നു കരുതുന്ന ഹംസ സെപ്റ്റംബര്‍ 11ലെ ആക്രമണത്തിനു മുന്‍പുവരെ അഫ്ഗാനിസ്ഥാനിലായിരുന്നു. തുടര്‍ന്നാണ് അല്‍ഖ്വെയ്ദയുടെ നേതൃത്വത്തിലേക്കു വരുന്നത്. 2015ല്‍ അല്‍ഖ്വെയ്ദയുടെ പുതിയ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയാണ് ഹംസയെ ലോകത്തിനു മുന്നില്‍ സംഘടനയുടെ യുവശബ്ദമായി അവതരിപ്പിക്കുന്നത്. 2011 ല്‍ പാക്കിസ്ഥാനില്‍ വെച്ചാണ് ലാദന്‍ കൊല്ലപ്പെടുന്നത്. ഈ സമയം ഹംസ ഇറാനില്‍ വീട്ടുതടങ്കലിലായിരുന്നുവെന്നാണു കരുതപ്പെടുന്നത്.