ടെക്സാസിലെ വ്യാപാരകേന്ദ്രത്തിൽ വെടിവെയ്പ് ; 20 മരണം, 26 പേർക്ക് പരിക്ക് , അക്രമി പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th August 2019 07:18 AM |
Last Updated: 04th August 2019 07:18 AM | A+A A- |

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ വ്യാപാരകേന്ദ്രത്തിലുണ്ടായ വെടിവെയ്പിൽ 20 പേർ കൊല്ലപ്പെട്ടു. 26 പേർക്ക് പരിക്കേറ്റു. ടെക്സാസിലെ എൽ പാസോ ഷോപ്പിംഗ് സെന്ററിൽ പ്രാദേശിക സമയം 10.39 നാണ് വെടിവയ്പ് ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയായ 21 വയസുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സൈലോ വിസ്റ്റാ മാളിന് സമീപമുള്ള വാൾമാർട്ട് സ്റ്റോറിലാണ് സംഭവം. ഡാളസിലെ അലൻ സ്വദേശിയായ പാട്രിക് ക്രൂസിയൻ എന്നയാളാണ് അക്രമി എന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കടയിലെത്തിയ അക്രമി ആളുകൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സ്കൂളിലേക്കുള്ള സാധനങ്ങളും മറ്റും വാങ്ങുന്നതിനായി ആ സമയം നിരവധി പേർ കടയിൽ ഉണ്ടായിരുന്നു. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ദിനം എന്ന് ഗവർണർ അഭിപ്രായപ്പെട്ടു. അക്രമവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വിലയിരുത്തി.
അമേരിക്ക-മെക്സിക്കോ അതിർത്തിക്ക് ഏതാനും മൈലുകൾക്ക് അടുത്താണ് അക്രമം ഉണ്ടായത്. വെടിവെയ്പിൽ മെകിസിക്കൻ പൗരന്മാരായ മൂന്നുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെക്സിക്കോ പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രഡോർ വ്യക്തമാക്കി.