ചൈനയില്‍ നാശം വിതച്ച് ലെകിമ ചുഴലിക്കാറ്റ്: 22 മരണം, 10 ലക്ഷം പേരെ മാറ്റിതാമസിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 10th August 2019 11:43 PM  |  

Last Updated: 10th August 2019 11:43 PM  |   A+A-   |  

 

ചൈന: ചൈനയില്‍ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 പേര്‍ മരിച്ചു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം ഒരുലക്ഷം പേരെ അപകടമേഖലകളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെന്‍സു മേഖലയില്‍ വലിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായി. ശനിയാഴ്ച രാവിലെയാണ് 187 കിലോമീറ്റര്‍ വേഗതയിലെത്തിയ ലെകിമ കര തൊട്ടത്.

നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം താറുമാറായി. വിമാന, ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കി. ചുഴലിക്കാറ്റിന്റെ വേഗതകുറഞ്ഞെങ്കിലും കനത്ത പേമാരിയും വെള്ളപ്പൊക്കവും നാശം വിതച്ചു. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. ഷാങ്ഹായില്‍ മാത്രം 2.5 ലക്ഷം പേരെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൈനയിലെ ഈ വര്‍ഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിയാണ് വീശിയത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് നോര്‍ത്ത് മാരിയാന ദ്വീപുകളിലും ശക്തമായ മഴപെയ്തു. ഇപ്പോള്‍ വടക്ക്പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ ലെകിമ അടുത്ത ആഴ്ച ജപ്പാനില്‍ വീശുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.