'നിങ്ങളുടെ ഭാഷ സംസാരിക്കാനാണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് പൊക്കോളു': പതിനാറുകാരിയെ ട്രെയിനില്‍ നിന്നും ഇറക്കിവിട്ട് ടിടിഇ

By സമകാലികമലയാളം ഡെസ്‌ക്  |   Published: 12th August 2019 02:13 PM  |  

Last Updated: 12th August 2019 02:13 PM  |   A+A-   |  

 

വെല്ലിങ്ടണ്‍: ട്രെയിന്‍ യാത്രക്കിടെ ഫോണില്‍ ഹിന്ദി സംസാരിച്ച യുവാവിനോട് തട്ടിക്കയറിയ പതിനാറുകാരിയെ ടിടിഇ വണ്ടിയില്‍ നിന്നും ഇറക്കിവിട്ടു. ന്യൂസിലന്‍ഡിലെ വെല്ലിങ്ടണിലാണ് സംഭവം. സഹയാത്രികന്‍ ഫോണില്‍ ഹിന്ദി സംസാരിച്ചതില്‍ പ്രകോപിതയായ പെണ്‍കുട്ടി ഒട്ടും മര്യാദയില്ലാതെ അയാളോട് തട്ടിക്കയറുകയായിരുന്നു.

ഇവിടെ നിങ്ങളുടെ ഭാഷ സംസാരിക്കാനാണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടി യുവാവിനോട് ആക്രോശിച്ചത്. ബഹളം കേട്ട് എത്തിയ ടിക്കറ്റ് എക്‌സാമിനര്‍ പെണ്‍കുട്ടിയോട് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. 

സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞ ടിടിഇയോടും പെണ്‍കുട്ടി തട്ടിക്കയറി. ഇതോടെ ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു ടിടിഇ. ജെജെ ഫിലിപ്‌സ് എന്ന ടിക്കറ്റ് എക്‌സാമിനര്‍ ആണ് നിലപാടെടുത്ത് ആളുകളുടെ കയ്യടി നേടിയത്. വെല്ലിങ്ടണില്‍ നിന്ന് അപ്പര്‍ഹട്ടിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം.

അതേസമയം, ടിടിഇ ആവശ്യപ്പെട്ടിട്ടും ട്രെയിനില്‍ നിന്ന് ഇറങ്ങാനോ ക്ഷമാപണം നടത്താനോ പെണ്‍കുട്ടി ആദ്യം തയാറായില്ല. തുടര്‍ന്ന് ഏകദേശം 20 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നു. ടിടിഇ നിലപാടില്‍ നിന്ന് മാറില്ലെന്ന് വ്യക്തമായതോടെ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്നു. രൂക്ഷമായ ഭാഷയില്‍ പെണ്‍കുട്ടി യുവിനെ അസഭ്യം പറഞ്ഞതോടെയാണ് ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് ടിടിഇ പിന്നീട് വ്യക്തമാക്കി.