'നാം വിഡ്ഢികളുടെ സ്വര്‍ഗത്തില്‍': ഇനി പോരാട്ടം ഒറ്റയ്‌ക്കെന്ന് പാകിസ്ഥാന്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 14th August 2019 10:11 AM  |  

Last Updated: 14th August 2019 10:11 AM  |   A+A-   |  

 

ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ വിഷയത്തില്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടതായി സമ്മതിച്ച് പാകിസ്ഥാന്‍. വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയേണ്ടതില്ല അവിടെ ആരും (യുഎന്‍ രക്ഷാസമിതി) പൂമാലയുമായി കാത്തുനില്‍ക്കേണ്ടതില്ല'- കശ്മീര്‍ വിഷയത്തില്‍ യുഎന്‍ സഹായം കിട്ടില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.

പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെ രക്ഷാസമിതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ പാകിസ്ഥാന് കിട്ടില്ലെന്ന് ഒരു രാജ്യങ്ങളുടെയും പേര് പരാമര്‍ശിക്കാതെ തന്നെ അദ്ദേഹം പറഞ്ഞു. 

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താന്‍ ശ്രമിച്ച പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. യുഎന്‍ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ പാകിസ്ഥാനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല. ഇക്കാര്യമാണ് പാകിസ്താന്‍ ഇപ്പോള്‍ തുറന്നു സമ്മതിച്ചത്. 

'നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ താത്പര്യങ്ങളുണ്ട്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങള്‍ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. മുസ്ലീം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ അവര്‍ക്കും ഇന്ത്യയില്‍ നിരവധി നിക്ഷേപങ്ങളുണ്ട്. അവരൊന്നും നമ്മെ പിന്തുണയ്ക്കാനിടയില്ല. പുതിയൊരു പോരാട്ടത്തുലൂടെ മാത്രമേ യുഎന്‍ അംഗങ്ങളുടെ പിന്തുണ ലഭിക്കു'- അദ്ദേഹം വ്യക്തമാക്കി. 

അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യുകെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണച്ച ആദ്യ രക്ഷാസമിതി സ്ഥിരാംഗം റഷ്യയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യയുടെ നിലപാട്. അമേരിക്കയും ഇന്ത്യയെ പിണക്കാതെ അത്തരമൊരു നടപടി തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണിതെന്ന് അവര്‍ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് അവര്‍ പ്രതികരിച്ചത്.