കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ന് ചര്‍ച്ച; രഹസ്യ ചര്‍ച്ച വേണമെന്ന് ചൈന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th August 2019 07:29 AM  |  

Last Updated: 16th August 2019 08:05 AM  |   A+A-   |  

 

ന്യൂയോര്‍ക്ക് : ജമ്മുകശ്മീര്‍  വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ന് ചര്‍ച്ച നടന്നേക്കും. കശ്മീരിന്റെ ഭരണഘടനാപദവി റദ്ദാക്കിയത് ചോദ്യം ചെയ്ത് പാകിസ്ഥാനാണ് യുഎന്‍ രക്ഷാസമിതിയെ സമീപിച്ചത്. ഇന്ത്യന്‍സമയം വൈകീട്ട് 7.30 നായിരിക്കും ചര്‍ച്ച നടക്കുക. ചൈനയുടെ നിര്‍ദേശപ്രകാരം അടച്ചിട്ട മുറിയിലാകും ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചര്‍ച്ചയില്‍ നിന്നും പാക് പ്രതിനിധിയെ ഒഴിവാക്കിയതായാണ് സൂചന.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാ സമിതിക്ക് പാകിസ്ഥാന്‍ കത്തെഴുതിയത്. കശ്മീരില്‍ ഇന്ത്യയുടെ പുതിയ നീക്കം യുഎന്‍ പ്രമേയങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി രക്ഷാ സമിതി അധ്യക്ഷന് പുറമെ സമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കത്ത് അയച്ചിരുന്നു. ഖുറേഷി ചൈനയിലെത്തി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്ന് യുഎന്‍ രക്ഷാസമിതിയോട് ചൈന ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം ആവശ്യപ്പെട്ട് രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനു ചൈന കത്തയച്ചു. യുഎന്‍ രക്ഷാസമിതി അധ്യക്ഷന് പാകിസ്ഥാന്‍ നല്‍കിയ കത്ത് പരാമര്‍ശിച്ച് കൊണ്ടാണ് ചൈന അഭ്യര്‍ഥന നടത്തിയത്. യുഎന്‍ രക്ഷാസമിതിയില്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ കശ്മീരില്‍ ഇന്ത്യയുടെ പരമാധികാരത്തെ പിന്തുണച്ചിരുന്നു.