പുറത്ത് നിന്നുള്ള ഇടപെടലുകള്‍ വേണ്ട; ജമ്മു കശ്മീര്‍ ആഭ്യന്തര വിഷയം; യുഎന്നില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 17th August 2019 12:27 AM  |  

Last Updated: 17th August 2019 12:30 AM  |   A+A-   |  

Syed-Akbaruddin

 

യുനൈറ്റഡ് നേഷന്‍സ്:  ജമ്മു കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. ജമ്മു കശ്മീര്‍ ആഭ്യന്തര വിഷയമാണെന്ന് ഇന്ത്യ വീണ്ടും നിലപാട് വ്യക്തമാക്കുകയായിരുന്നു. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ ഇടപെടലിനുള്ള പാക് ശ്രമങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചത്. 

ജമ്മു കശ്മീര്‍ വിഷയത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സയീദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഭരണഘടനാ അനുച്ഛേദം റദ്ദാക്കിയത് പൂര്‍ണമായും ഇന്ത്യയുടെ അധികാര പരിധിയില്‍ വരുന്ന വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരത അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് ഉള്ളൂവെന്ന നിലപാടും കൗണ്‍സിലില്‍ ഇന്ത്യ ആവര്‍ത്തിച്ചു. 

നേരത്തെ കശ്മീര്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് യുഎന്‍ രക്ഷാ സമിതിയിലും വിഷയം അനൗദ്യോഗിക ചര്‍ച്ചയായിരുന്നു. 

രക്ഷാസമിതിയില്‍ ഭൂരിപക്ഷ അംഗങ്ങളും ഇന്ത്യയെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.