പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്; 'കശ്മീര്‍ സെല്‍' രൂപീകരിക്കാന്‍ നീക്കം
By സമകാലികമലയാളം ഡെസ്‌ക് | Published: 17th August 2019 04:53 PM |
Last Updated: 17th August 2019 04:56 PM | A+A A- |

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍/ചിത്രം: പിടിഐ
ഇസ്‌ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയിലേക്ക്. യുഎന്‍ രക്ഷാസമിതി യോഗത്തിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് പുതിയ നീക്കത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നത്. ഇന്ത്യക്കെതിരെ നയതന്ത്രത്തില്‍ പുതിയ നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാന്‍ എംബസികളില്‍ കശ്മീര്‍ ഡെസ്‌ക് രൂപീകരിക്കും. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ കശ്മീര്‍ സെല്‍ രൂപീകരിക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരിലെ സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന്റെ ലാഹോര്‍ സന്ദര്‍ശനം മാറ്റിവച്ചുവെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കശ്മീരില്‍ ഇന്ത്യ ഉടനേ ഒരു സൈനിക നടപടി നടത്താന്‍ സാധ്യതയുണ്ടെന്നും ഖുറേഷി പറഞ്ഞു.
അന്താരാഷ്ട്ര സമൂഹം കാര്യങ്ങള്‍ കാര്യക്ഷമമായി നിരീക്ഷിക്കുകയാണ്. സ്ഥിതിഗതികള്‍ മാറുകയാണെങ്കില്‍ തങ്ങള്‍ക്ക് എല്ലാവിധ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിവരുമെന്ന് യോഗത്തില്‍ പങ്കെടുത്ത പാകിസ്ഥാന്‍ സൈന്യത്തിന്റെ വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും നീക്കമുണ്ടായല്‍ മറുപടി നല്‍കാന്‍ പാകിസ്ഥാന്‍ സേന അതിര്‍ത്തിയില്‍ സജ്ജമാണെന്നും ആസിഫ് പറഞ്ഞു. കശ്മീര്‍ ഒരു ആണവയുദ്ധ മുനമ്പാണ്. ഉത്തരവാദിത്തപ്പെട്ട പൗരര്‍ അതിനെപ്പറ്റി സംസാരിക്കരുതെന്നും ആസിഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. യോഗത്തില്‍ പാകിസ്ഥാന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ചൈന ഒഴികെ മറ്റു സ്ഥിരാംഗങ്ങള്‍ ഇന്ത്യയെ പിന്തുണച്ചാണ് നിലപാട് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് യുദ്ധത്തിന് ആഹ്വാനം ചെയ്ത് സഫറിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
കശ്മീര്‍ പ്രശ്‌നം ആഭ്യന്തര വിഷയമാണ് എന്നാണ് യോഗത്തിന്റെ പൊതു വിലയിരുത്തല്‍. വിഷയത്തില്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പോ നിലപാട് വ്യക്തമാക്കലോ രക്ഷാസമിതിയുടേതായി ഉണ്ടായില്ല. പ്രശ്‌നം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്ക,ബ്രിട്ടണ്‍,ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചുവെന്നാണ് ലഭിക്കുന്ന വിവരം.