യാത്രയുടെ ഓര്‍മയ്ക്ക് ബീച്ചില്‍ നിന്ന് മണലെടുത്തു, സഞ്ചാരികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2019 05:43 AM  |  

Last Updated: 22nd August 2019 05:43 AM  |   A+A-   |  

sardinia-beach-

 

സര്‍ദീനിയ: യാത്രയുടെ ഓര്‍മയ്ക്ക് വേണ്ടി കടല്‍തീരത്ത് നിന്നും മണലെടുത്താണ് ഈ സഞ്ചാരികള്‍ മടങ്ങിയത്. പക്ഷേ അതവര്‍ക്ക് നല്‍കിയത് എട്ടിന്റെ പണി. രണ്ട് ഫ്രഞ്ച് സഞ്ചാരികള്‍ക്ക് ജയിലില്‍ കിടന്ന് അഴിയെണ്ണേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍.

എന്നാല്‍ ഓര്‍മയ്ക്ക് വേണ്ടി 40 കിലോഗ്രാം മണ്ണ് എടുത്ത് കൊണ്ടുപോകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 14 ബോട്ടുകളിലായി 40 കിലോഗ്രാം മണലാണ് ഇവര്‍ ഇറ്റലിയിലെ ചിയ ബീച്ചില്‍ നിന്നെടുത്തത്. അവധിക്കാല ആഘോഷത്തിന്റെ ഓര്‍മയ്ക്ക് വേണ്ടി മണല്‍ സൂക്ഷിച്ച് വയ്ക്കാന്‍ എടുത്തു എന്നാണ് ഇവരുടെ വാദം. 

മണല്‍കടത്ത് എന്ന കുറ്റത്തിന് ഒന്ന് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ഇവര്‍ക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. ഈ ബീച്ചുകളില്‍ നിന്നും കല്ലുകള്‍, കക്കകള്‍, മണല്‍ എന്നീ വസ്തുക്കള്‍ വ്യാപകമായി കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിയമം കര്‍ക്കശമാക്കിയത്. ഇങ്ങനെ മണല്‍ കടത്തുന്നതിനെ തുടര്‍ന്ന് ഇറ്റലിയിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അധികൃതര്‍ അടച്ചിടുകയുമുണ്ടായി.