എട്ടുമാസത്തിനകം 75,000 കാട്ടുതീ, കത്തിയമര്‍ന്ന് ആമസോണ്‍; വെന്തുരുകി ജീവജാലങ്ങള്‍, ആശങ്ക 

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd August 2019 10:28 AM  |  

Last Updated: 23rd August 2019 10:30 AM  |   A+A-   |  

 

സാവോ പോളോ: ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണിന് ഭീഷണിയായി കാട്ടുതീ പടരുന്നു. പത്തുവര്‍ഷത്തിനിടയിലുണ്ടാകുന്ന ഏറ്റവും വലിയ കാട്ടുതീയാണ് ആമസോണ്‍ കാടുകളെ വിഴുങ്ങുന്നത്. കടുത്ത പുകയാണ് ഇവിടെ നിന്നും ഉയരുന്നത്. മൂന്നാഴ്ചയായി കാട് കത്തിക്കൊണ്ടിരിക്കുകയാണ്.

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചത്. റോര്‍എയിമാ, റോണ്‍ഡോണിയ, ആമസോണാസ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആമസോണ്‍ കാടുകളെയാണ് കാട്ടുതീ വിഴുങ്ങിയത്. ആമസോണ്‍ കാടുകളെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് prayfor amazonas എന്ന പേരിലുളള ഹാഷ്ടാഗോട് കൂടിയുളള പ്രചാരണം വ്യാപകമാണ്.

ഈ വര്‍ഷം ഇതുവരെ ആമസോണ്‍ കാടുകളിലുണ്ടായിട്ടുളള കാട്ടുതീയുടെ കണക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ബ്രസീലിയന്‍ സ്‌പേയ്‌സ് ഏജന്‍സി വ്യക്തമാക്കുന്നു. 75000 കാട്ടുതീയാണ് എട്ടുമാസം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 

വേനലില്‍ ആമസോണില്‍ കാട്ടുതീ പതിവാണെങ്കിലും, ഇത്രയും രൂക്ഷമായ കാട്ടുതീ അടുത്തകാലത്ത് ആദ്യമായിട്ടാണ്. കാട്ടുതീയില്‍ വന്‍തോതില്‍ പുകയും കാര്‍ബണുമാണ് പുറന്തളളുന്നത്. ആഗസ്റ്റ് 15 മുതല്‍ മാത്രം ഒരാഴ്ചക്കുളളില്‍ 9500ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്. ആഗോളതാപനത്തിന് പുറമേ മനുഷ്യര്‍ കൃഷിയാവശ്യങ്ങള്‍ക്കും മറ്റുമായി തീയിടുന്നതടക്കമുളള കാര്യങ്ങളും ഈ കാട്ടുതീയുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലക്ഷകണക്കിന് ജീവികളുടെ ആവാസകേന്ദ്രമാണ് ആമസോണ്‍. അപൂര്‍വ്വയിനം സസ്യലതാദികളും ഇവിടെയുണ്ട്.നിരവധി മൃഗങ്ങളാണ് കാട്ടുതീയില്‍ ചത്തൊടുങ്ങിയത്. തദ്ദേശീയരായ നാന്നൂറോളം ആദിമഗോത്രങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ആമസോണ്‍ കാടുകള്‍.