മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന് ; കശ്മീര്‍ ചര്‍ച്ചയായേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th August 2019 08:28 AM |
Last Updated: 26th August 2019 08:28 AM | A+A A- |

ഫയല്‍ ചിത്രം
ബിയാരിസ്: ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം സൂചിപ്പിച്ചു. കശ്മീരില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും, പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും ട്രംപ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ കശ്മീരിലേത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും മൂന്നാംകക്ഷി ഇടപെടല്‍ വേണ്ടെന്നുമാണ് ഇന്ത്യന്‍ നിലപാട്. ഈ സാഹചര്യത്തില്‍ മോദി-ട്രംപ് കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്.
കശ്മീരിലെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതും, നിലവിലെ സ്ഥിതിഗതികളും കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ചയായേക്കും. മേഖലയില്‍ സമാധാനത്തിനായി ഇരുരാജ്യങ്ങളും മുന്‍കൈ ടെുക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിരുന്നു. വാണിജ്യബന്ധങ്ങള്‍ പുനഃസ്ഥാപിച്ച് സമാധാനത്തിന് മുന്‍കൈ എടുക്കാനാണ് ട്രംപ് ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ടത്. കശ്മീരിലേത് മതപരമായ വിഷയം കൂടിയാണെന്നും, ആവശ്യമെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ജി 7 ഉച്ചകോടിക്കായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോണ്‍സണ്‍ മോദിയെ ഫോണില്‍ വിളിച്ച് കശ്മീര്‍ തര്‍ക്കം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളുടേയും ഇന്നത്തെ സംഭാഷണത്തില്‍ കശ്മീര്‍ വിഷയമായില്ലെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ മോദി ബോറിസ് ജോണ്‍സണെ അഭിനന്ദനമറിയിച്ചു.
France: Prime Minister Narendra Modi meets Prime Minister of United Kingdom, Boris Johnson at the #G7Summit in Biarritz. pic.twitter.com/rJe1HFRCvZ
— ANI (@ANI) August 25, 2019