യുഎന്‍ സെക്രട്ടറി ജനറലുമായി മോദിയുടെ കൂടിക്കാഴ്ച ; ഫലപ്രദമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 26th August 2019 08:13 AM  |  

Last Updated: 26th August 2019 08:13 AM  |   A+A-   |  

 

ബിയാരിസ്: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്സുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. തീവ്രവാദം അടക്കം നിരവധി വിഷയങ്ങളില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതായാണ് സൂചന. 

കശ്മീര്‍ വിഷയത്തില്‍ പാക് പരാതി പ്രകാരം യുഎന്‍ രക്ഷാസമിതി പ്രത്യേക ചര്‍ച്ച നടത്തിയതിന് ശേഷം മോദി, യുഎന്‍ സെക്രട്ടറി ജനറലുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. കശ്മീര്‍ പ്രശ്‌നത്തില്‍ മോദി ഇന്ത്യന്‍ നിലപാടും നിലവിലെ സ്ഥിതിഗതികളും ഗുട്ടറസ്സിനെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

ഫ്രഞ്ച് പ്രസിഡന്‍ര് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം പ്രത്യേക ക്ഷണിതാവായാണ് നരേന്ദ്രമോദി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിനെത്തിയ മോദിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. 

തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിക്കെത്തിയ വിവിധ ലോകനേതാക്കളുമായി ചര്‍ച്ച നടത്തി. കശ്മീര്‍ പ്രശ്‌നത്തിലടക്കം ലോകനേതാക്കളുടെ പിന്തുണ ഉറപ്പാക്കുന്നതും മോദിയുടെ സന്ദര്‍ശന ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നുണ്ട്.