ഞങ്ങളുടെ കൈയിലും ആണവായുധമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍; യുദ്ധത്തിന് തയാറാണെന്ന് വിദേശകാര്യമന്ത്രി; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2019 07:51 AM  |  

Last Updated: 27th August 2019 07:51 AM  |   A+A-   |  

india-pakistan-1

 

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതോടെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. അതിനിടെ യുദ്ധത്തിന് പാക്കിസ്ഥാന്‍ തയാറാണെന്ന് വ്യക്തമാക്കി പാക്  വിദേശകാര്യമന്ത്രി ഷാ മെഹമ്മുദ് ഖുറേഷി. എല്ലാത്തരം യുദ്ധങ്ങള്‍ക്കും പാക്കിസ്ഥാന്‍ തയാറാണെന്നാണ് ഖുറേഷി പറഞ്ഞത്. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നിയമവിരുദ്ധമായി അസാധുവാക്കിയതിലൂടെ ഇന്ത്യ പ്രാദേശിക സമാധാനവും സ്ഥിരതയും അപകടത്തിലാക്കിയിട്ടുണ്ടെന്നും ലോകം ഇതിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഖുറേഷി പറഞ്ഞു. ഈ മേഖലയിലെ അതിക്രമങ്ങളില്‍നിന്നും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യക്ക് എന്തും ചെയ്യാമെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.

കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഏതറ്റം വരെയും പോകും എന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് യുദ്ധത്തിന് തയാറായി വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. സൈന്യത്തെ ഉപയോഗിച്ചാണ് കശ്മീരിനെ പിടിച്ചടക്കിയതെന്നും മോദിയുടെ നടപടി ചരിത്രപരമായ വിഡ്ഢിത്തമാണെന്നുമാണ് ഇമ്രാന്‍ കുറ്റപ്പെടുത്തിയത്. പ്രശ്‌നം യുദ്ധത്തിലേക്കു നീങ്ങുകയാണെങ്കില്‍ ഇരുരാജ്യങ്ങളുടെയും കൈവശം ആണവായുധമുണ്ടെന്നതു മറക്കരുത്. ആഗോളശക്തികള്‍ക്കു കുറച്ച് ഉത്തരവാദിത്തങ്ങളുണ്ട്. ആണവയുദ്ധത്തില്‍ ആരും വിജയിക്കുകയില്ല. ലോകരാജ്യങ്ങളില്‍ ഒന്നുപോലും കാഷ്മീരിനൊപ്പം നിന്നില്ലെങ്കിലും, പാക്കിസ്ഥാന്‍ 80 ലക്ഷം കാഷ്മീരികള്‍ക്കൊപ്പം നിലയുറപ്പിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.