'മോദി തുടങ്ങി, ഞങ്ങള്‍ അവസാനിപ്പിക്കും'; ഇന്ത്യയിലേക്കുള്ള എല്ലാ വ്യോമപാതകളും അടയ്ക്കും; ഭീഷണി മുഴക്കി പാക്കിസ്ഥാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th August 2019 06:59 AM |
Last Updated: 28th August 2019 06:59 AM | A+A A- |

ഇസ്‌ലാമാബാദ്: ഇന്ത്യയിലേക്കുള്ള എല്ലാ വ്യോമപാതകളും അടയ്ക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍. ഇന്ത്യയിലേക്കുള്ള എല്ലാ വ്യോമപാതകളും അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാതകളും അടയ്ക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കടുത്ത നടപടിക്കൊരുങ്ങന്നതായി പാക് മന്ത്രി ഫവാദ് ഹുസൈനാണ് വെളിപ്പെടുത്തിയത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന്‍ കടുത്ത ഉപരോധത്തിന് ഒരുങ്ങുന്നത്. പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈനാണ് വ്യോമ പാത അടയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. 'പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ എല്ലാ വ്യാപാര പാതകള്‍ക്കും വിലക്കേര്‍പ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഈ തീരുമാനങ്ങള്‍ക്ക് നിയമപരമായ നടപടിക്രമങ്ങള്‍ ആലോചിച്ച് വരികയാണ്' ഫവാദ് ഹുസൈന്‍ കുറിച്ചു. മോദി ആരംഭിച്ചു ഞങ്ങള്‍ പൂര്‍ത്തീകരിക്കും എന്ന ഹാഷ് ടാഗോടു കൂടിയാണ് മന്ത്രിയുടെ ട്വീറ്റ്.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം രണ്ട് വ്യോമപാതകള്‍ പാക്കിസ്ഥാന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ അടച്ച വ്യോമപാത ജൂലായ് 16നാണ് പാക്കിസ്ഥാന്‍ തുറന്നത്.