അന്താരാഷ്ട്ര സമ്മര്‍ദം വിജയം കാണുന്നു, ഒടുവില്‍ ഹാഫീസ് സയീദിന് മേല്‍ കുറ്റം ചുമത്തി; ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതായി കണ്ടെത്തല്‍

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനയായ ജമാത്ത് ഉദ് ദവാ സ്ഥാപകനുമായ ഹാഫീസ് സയീദിന് മേല്‍ കുറ്റം ചുമത്തി പാക് ഭീകരവിരുദ്ധ കോടതി
അന്താരാഷ്ട്ര സമ്മര്‍ദം വിജയം കാണുന്നു, ഒടുവില്‍ ഹാഫീസ് സയീദിന് മേല്‍ കുറ്റം ചുമത്തി; ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതായി കണ്ടെത്തല്‍

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനയായ ജമാത്ത് ഉദ് ദവാ സ്ഥാപകനുമായ ഹാഫീസ് സയീദിന് മേല്‍ കുറ്റം ചുമത്തി പാക് ഭീകരവിരുദ്ധ കോടതി. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നു എന്ന കുറ്റമാണ് ഹാഫീസ് സയീദിന് മേല്‍ ചുമത്തിയിരിക്കുന്നത്. സയീദിന് പുറമേ മുഖ്യ സഹായികളായ ഹാഫീസ് അബ്ദുല്‍ സലാം ബിന്‍ മുഹമ്മദ്, മുഹമ്മദ് അഷ്‌റഫ്, സഫര്‍ ഇക്ബാല്‍ എന്നിവരുടെ പേരിലും ജഡ്ജി അര്‍ഷാദ് ഹുസൈന്‍ ഭൂട്ട ഇതേ കുറ്റം ചുമത്തി. സാക്ഷികളെ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് നിര്‍ദേശിച്ച കോടതി വ്യാഴാഴ്ച വാദം തുടരും.

സയീദിനും സഹായികള്‍ക്കും എതിരെ കുറ്റം ചുമത്തരുത് എന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കേസില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പഞ്ചാബിലെ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ ജനറല്‍ അബ്ദുര്‍ റൗഫ് വാദിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് പഞ്ചാബ് പൊലീസിന്റെ ഭീകരവിരുദ്ധ ഡിപ്പാര്‍ട്ട്‌മെന്റ് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ക്ക് കുറ്റപത്രം കൈമാറിയതായും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജൂലൈ 17ന് സയീദിനും കൂട്ടാളികള്‍ക്കും എതിരെ 23 എഫ്‌ഐആറാണ് ഭീകരവിരുദ്ധ ഡിപ്പാര്‍ട്ട്‌മെന്റ് ചുമത്തിയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിലാണ് ഇത്തരം ഇടപാടുകള്‍ നടന്നതെന്നും ഭീകരവിരുദ്ധ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സയീദിന അറസ്റ്റ് ചെയ്തത്.

ഭീകരര്‍ക്കെതിരായി നടപടിയെടുക്കാന്‍ രാജ്യാന്തര സമ്മര്‍ദം അതിശക്തമായ പശ്ചാത്തലത്തിലാണ് ഈ നടപടി. ഭീകരര്‍ക്കു സഹായം നല്‍കുന്നതടക്കം 27 കാര്യങ്ങളില്‍ ഫെബ്രുവരിക്കകം നടപടിയെടുത്തില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് രാജ്യാന്തര സമിതിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ഒക്ടോബറില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ തന്നെ 'ഗ്രേ ലിസ്റ്റി'ലാണ് പാക്കിസ്ഥാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com