മാര്‍ഗരറ്റ് താച്ചറിന് ശേഷം ഏറ്റവും തിളക്കമാര്‍ന്ന വിജയം; പുതിയ പ്രഭാതമെന്ന് ബോറിസ് ജോണ്‍സണ്‍

എണ്‍പതുകളില്‍ മാര്‍ഗരറ്റ് താച്ചറിന്റെ നേതൃത്വത്തില്‍ നേടിയ കരുത്തുറ്റ വിജയത്തിന് ശേഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കുന്ന വലിയ മുന്നേറ്റമാണിത്. 
ബോറിസ് ജോണ്‍സണ്‍/  ചിത്രം: എ പി
ബോറിസ് ജോണ്‍സണ്‍/ ചിത്രം: എ പി

ബ്രിട്ടണ്‍ സാക്ഷ്യം വഹിച്ച ഏറ്റവും നാടകീയമായ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മികച്ച വിജയമാണ് ലഭിച്ചിരിക്കുന്നത്. എണ്‍പതുകളില്‍ മാര്‍ഗരറ്റ് താച്ചറിന്റെ നേതൃത്വത്തില്‍ നേടിയ കരുത്തുറ്റ വിജയത്തിന് ശേഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ലഭിക്കുന്ന വലിയ മുന്നേറ്റമാണിത്. 

ആകെയുള്ള 650ല്‍ 363സീറ്റുകള്‍ ബോറിസ് ജോണ്‍സണും കൂട്ടരും നേടി. പുതിയ പ്രഭാതത്തിനാണ് ബ്രിട്ടണ്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് വിജയത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ബോറിസ് പറഞ്ഞു. ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസം നശിപ്പിക്കില്ലെന്നും ബ്രെക്‌സിറ്റിനായാണ് അവര്‍ തന്നെ വലിയ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

'നമ്മളതു ചെയ്തു അല്ലേ? ബ്രെക്‌സിറ്റിലേക്കുള്ള കീറാമുട്ടി നമ്മള്‍ നീക്കി, ഗ്രിഡ് ലോക്കും റോഡ് ബ്ലോക്കും നമ്മള്‍ നീക്കി.' ബോറിസ് റാലിയില്‍ പറഞ്ഞു. 55കാരനായ ബോറിസ് തന്റെ കാമുകിക്കും വളര്‍ത്ത് നായക്കുമൊപ്പമാണ് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ എത്തിയത്. 

ബ്രെക്‌സിറ്റ് നടപ്പാക്കാനായി നിലനിന്നിരുന്ന എല്ലാ തടസ്സങ്ങളും നമ്മള്‍ ഈ തെരഞ്ഞെടുപ്പോടെ മറികടന്നിരിക്കുന്നു. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ മാത്രമല്ല തങ്ങള്‍ക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചതെന്നും രാജ്യത്തെ നല്ലരീതിയില്‍ മുന്നോട്ടുനയിക്കാന്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇടക്കാലത്തുള്ള ഏറ്റവും വലിയ പതനമാണ് ലേബര്‍ പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്നത്. 203 സീറ്റിലെക്ക് ലേബര്‍ പാര്‍ട്ടി ഒതുങ്ങി. കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ ജെറമി കോര്‍ബിന്‍ പാര്‍ട്ടി മേധാവി സ്ഥാനത്ത് നിന്ന് രാജിവച്ചു. ഇനി താന്‍ ഒരു തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 

ബോറിസ് ജോണ്‍സണ്‍ നാളെ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതോടെ 2020 ജനുവരി 31നുതന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് പോകാന്‍ വഴിയൊരുങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com