തലമുടിയുടെ പേരിലും വിവേചനം; പോരാട്ടവുമായി സ്ത്രീകള്‍

സ്വാഭാവികമായ തലമുടി നിലനിര്‍ത്താനുളള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അമേരിക്കയിലെ പുതിയ പോരാട്ടം
തലമുടിയുടെ പേരിലും വിവേചനം; പോരാട്ടവുമായി സ്ത്രീകള്‍

നിറത്തിന്റേയും ജാതിയുടേയും ലിംഗത്തിന്റെയും പേരിലെല്ലാം ലോകത്ത് വിവേചനം നേരിടുന്നവരുണ്ട്. ഇതിന് എതിരേ നിരവധി പോരാട്ടങ്ങളും ഇതിനോടകമുണ്ടായിട്ടുണ്ട്. അതിനൊപ്പം ഇതാ മറ്റൊരു പ്രതിഷേധം കൂടി എഴുതിച്ചേര്‍ക്കുകയാണ്. മുടിയുടെ പേരിലുള്ള വിവേചനത്തിനെതിരെയാണ് അമേരിക്കയിലെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. 

ആഫ്രിക്കന്‍ വംശജരാണ് രൂക്ഷമായ വിവേചനത്തിന് ഇരയാകുന്നത്. ആഫ്രിക്കക്കാര്‍ അമേരിക്കയില്‍ എത്തുന്ന കാലം മുതല്‍ ഇവര്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചിട്ടും അംഗീകരിക്കാന്‍ കഴിയുന്നതിനേക്കാള്‍ രൂക്ഷമായി ഇന്നും നിലനില്‍ത്തുകയാണ് വിവേചനം. സ്വാഭാവികമായ തലമുടി നിലനിര്‍ത്താനുളള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അമേരിക്കയിലെ പുതിയ പോരാട്ടം. 

സ്‌കൂളിലും ജോലിസ്ഥലത്തുമെന്നും മുടിയുടെ പേരില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നുണ്ട്. ഈ വിവേചനത്തില്‍ നിന്ന് രക്ഷപ്പെടാനായി മുടിയുടെ സ്റ്റൈലില്‍ മാറ്റം വരുത്തേണ്ട അവസ്ഥയിലാണ് അവര്‍. ബോസ്റ്റണില്‍ താമസിക്കുന്ന തമേക്ക അര്‍മാന്‍ഡോ എന്ന ആഫിക്കന്‍ വംശജയായ സ്ത്രീ പറയുന്നത് സ്‌കൂളിലും ജോലിസ്ഥലത്തുമൊക്കെ താന്‍ ഒട്ടേറെത്തവണ മുടിയുടെ സ്‌റ്റൈല്‍ മറ്റിയിട്ടുണ്ട് എന്നാണ്. മറ്റുള്ളവരെപ്പോലെയാകാനാണ് ഈ മാറ്റങ്ങളെല്ലാം. അല്ലെങ്കില്‍ അപമാനിക്കപ്പെടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നത് തന്നെയാണ് കാരണം എന്നും അവര്‍ പറയുന്നു. 

കഴിഞ്ഞയാഴ്ച സെനറ്റര്‍ കാറി ബൂക്കര്‍ സംസ്ഥാന തലത്തില്‍ വിവേചനത്തിനെതിരെയുള്ള നിയമം അവതരിപ്പിച്ചിരുന്നു. 'ദ് ക്രൗണ്‍ ആക്റ്റ്' എന്ന പേരിലുള്ള നിയമം ആവശ്യപ്പെടുന്നത്. സ്വാഭാവികമായ മുടി നിലനിര്‍ത്താനുള്ള അവകാശമാണ്. കാലിഫോര്‍ണിയയാണ് ഈ നിയമം ആദ്യമായി നടപ്പാക്കിയത്. ന്യൂയോര്‍ക്കും ന്യൂ ജേഴ്‌സിയും പിന്നീട് ഈ നിയമം നടപ്പാക്കാന്‍ തീരുമാനമെടുത്തു.

വിവേചനത്തിന്റെ പേര് പറഞ്ഞ് അമേരിക്കയിലെ ഹെയര്‍ ക്ലിനിക്കുകള്‍ എല്ലാം പണം വാരുന്നു. മുടിയുടെ രൂപമാറ്റമാണ് ഇവിടങ്ങളില്‍ പ്രധാനമായും നടക്കുന്നത്. ഇവിടെയെത്തുന്നവരില്‍ ഭൂരിപക്ഷവും കറുത്ത വര്‍ഗക്കാരായ സ്ത്രീകളാണ് എന്നതാണ് പ്രത്യേകത. അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗക്കാരി തന്റെ മുടിയുടെ സ്‌റ്റൈല്‍ മാറ്റാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നാണ് പുതിയൊരു പഠനം പോലും പറയുന്നത്. സ്വാഭാവികമായ മുടി ഒരാളുടെ വ്യക്തിത്വത്തിന്റെ കൂടി ഭാഗമാണ്. എന്നാല്‍ കറുത്ത വര്‍ഗക്കാര്‍ക്ക് അതിനുള്ള അവകാശമില്ലെന്നതാണ് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com