അവരോട് സംസാരിക്കാന്‍ പോലും പറ്റുന്നില്ല; കുടുംബത്തെയോര്‍ത്ത് ആശങ്കയിലാണ്: പൗരത്വ നിയമത്തിന് എതിരെ ദുബൈയില്‍ ഇന്ത്യന്‍ എംബസിക്ക് നിവേദനം നല്‍കി പ്രവാസികള്‍

പൗരത്വ നിയമഭേദഗതിക്ക് എതിരെ ദുബൈയിലെ ഇന്ത്യന്‍ എംബസിക്ക് നിവേദനം നല്‍കി പ്രവാസികള്‍
അവരോട് സംസാരിക്കാന്‍ പോലും പറ്റുന്നില്ല; കുടുംബത്തെയോര്‍ത്ത് ആശങ്കയിലാണ്: പൗരത്വ നിയമത്തിന് എതിരെ ദുബൈയില്‍ ഇന്ത്യന്‍ എംബസിക്ക് നിവേദനം നല്‍കി പ്രവാസികള്‍

അബുദാബി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ദുബൈയിലെ ഇന്ത്യന്‍ എംബസിക്ക് നിവേദനം നല്‍കി പ്രവാസികള്‍. നിയമത്തില്‍ തങ്ങളുടെ ആശങ്ക അറിയിച്ചാണ് ഒരുവിഭാഗം പ്രവാസികള്‍ ഞായറാഴ്ച നിവേദനം നല്‍കിയത്. രാജ്യത്തെ മതപരമായി വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്ന് പറഞ്ഞാണ് നിവേദനം നല്‍കിയിരിക്കുന്നത്. മുപ്പതോളം വരുന്ന സംഘമാണ് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കിയത്. 

'ഞാന്‍ ഇന്ത്യയിലുള്ള എന്റെ കുടുംബത്തെ ഓര്‍ത്ത് ആശങ്കയിലാണ്. ഇന്റര്‍നെറ്റും ഫോണ്‍ കണക്ഷനുകളും വിച്ഛേദിച്ചിരിക്കുന്നതിനാല്‍ ഇതുവരെ ഉത്തര്‍പ്രദേശിലെ അംസംഖറിലുള്ള എന്റെ കുടുംബവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. എല്ലാ മതസ്ഥരും സമാധാനത്തോടെ കഴിയുന്ന നാടിനെ വിഭജിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ നിവേദനത്തിലൂടെ ഭരണാധികാരികേേളാട് ആവശ്യപ്പെടുകയാണ്'- നിവേദനം നല്‍കിയ സംഘത്തിലെ അബ്ദുള്ള ഖാന്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

എല്ലാ ഇന്ത്യക്കാര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശത്തെയാണ് നിയത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. എന്തിനാണ് മുസ്ലിംകളെ മാത്രം വേര്‍തിരിക്കുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. 

പൗരത്വ നിയമഭേദഗതിക്ക് എതിരായി ലോകത്തെമ്പാടുമുള്ള ഒരു വലിയ വിഭാഗം ഇന്ത്യക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഓക്‌സ്‌ഫോര്‍ഡ് അടക്കമുള്ള സര്‍വകലാശാലകളില്‍ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com