ഓപ്പറേഷനിടെ 'ശസ്ത്രക്രിയ കത്തി'യില്‍ നിന്ന് തീപിടിച്ചു; ക്യാന്‍സര്‍ രോഗിയായ 66കാരി പൊളളലേറ്റ് മരിച്ചു, ദാരുണം

ക്യാന്‍സര്‍ രോഗിക്കാണ് 40 ശതമാനം പൊളളലേറ്റ് ദാരുണാന്ത്യം സംഭവിച്ചത്
ഓപ്പറേഷനിടെ 'ശസ്ത്രക്രിയ കത്തി'യില്‍ നിന്ന് തീപിടിച്ചു; ക്യാന്‍സര്‍ രോഗിയായ 66കാരി പൊളളലേറ്റ് മരിച്ചു, ദാരുണം

ബുക്കാറെസ്റ്റ്:  റൊമാനിയയില്‍ ഓപ്പറേഷന്‍ നടക്കുന്നതിനിടെ 66കാരി തീപൊളളലേറ്റ് മരിച്ചു. ക്യാന്‍സര്‍ രോഗിക്കാണ് 40 ശതമാനം പൊളളലേറ്റ് ദാരുണാന്ത്യം സംഭവിച്ചത്. ചികിത്സയ്ക്കിടെ ആല്‍ക്കഹോളിന്റെ അംശമുളള അണുനാശിനിയും ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് കത്തിയുമായുളള സമ്പര്‍ക്കമാണ് അപകടത്തിന് കാരണം.

ഓപ്പറേഷന്‍ ടേബിളില്‍ ശസ്ത്രക്രിയ പുരോഗമിക്കുന്നതിന് ഇടയിലാണ് സംഭവം. പൊള്ളലേറ്റ ശേഷം ഒരു ആഴ്ചയിലേറെ ചികിത്സയില്‍ ആയിരുന്നു. പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധയെ തുടര്‍ന്നാണ് ഇവരെ ബുച്ചാറെസ്റ്റിലെ ഫ്‌ലോറെസ്‌കാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 22നായിരുന്നു ഇവരുടെ ശസ്ത്രക്രിയ നടന്നത്.

അണുനാശിനിയില്‍ തീപിടിത്തത്തിന് കാരണമാകുന്ന ആല്‍ക്കഹോള്‍ അടങ്ങിയിരുന്നു. ഇതും ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് കത്തിയില്‍ നിന്നുളള വൈദ്യുത സ്ഫുരണവുമായുളള സമ്പര്‍ക്കമാണ് അപകടത്തിന് ഇടയാക്കിയത്.ഉടനെ അവിടെ ഉണ്ടായിരുന്ന നഴ്‌സ് ഒരു ബക്കറ്റ് വെളളം ഒഴിച്ച് തീ പടരുന്നത് ഒഴിവാക്കി.

സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റൊമാനിയയിലെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. സത്യം കണ്ടെത്തുമെന്നും രോഗിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ആരോഗ്യമന്ത്രി വിക്ടര്‍ കോസ്റ്റാ പറഞ്ഞു.

വൈദ്യുതി ഉപയോഗിച്ച് സര്‍ജറി ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അണുബാധ തടയാനുള്ള മരുന്നില്‍ ആല്‍ക്കഹോളിന്റെ അംശം പാടില്ലെന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ ഏറ്റവും പിന്നിലുള്ള രാജ്യമാണ് റൊമാനിയ. ശിശുമരണങ്ങളും ഇവിടെ കൂടുതലാണ്. ആശുപത്രി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ലഭ്യതക്കുറവും ഇവിടെയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com