വ്യാജ രേഖകൾ സൃഷ്ടിച്ച് വിസ തട്ടിപ്പ്; എട്ട് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ അറസ്റ്റിൽ

വിദ്യാർഥി വിസ ഉപയോ​ഗിച്ച് അനധികൃതമായി 600ഓളം വിദ്യാർഥികളെ യുഎസിൽ തങ്ങാൻ സഹായിക്കുന്ന വ്യാജ രേഖകൾ ചമച്ചതായാണ് കേസ്
വ്യാജ രേഖകൾ സൃഷ്ടിച്ച് വിസ തട്ടിപ്പ്; എട്ട് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ അറസ്റ്റിൽ

വാഷിങ്ടൻ: വിസ തട്ടിപ്പ് കേസിൽ എട്ട് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ അറസ്റ്റിലായി. വിദ്യാർഥി വിസ ഉപയോ​ഗിച്ച് അനധികൃതമായി 600ഓളം വിദ്യാർഥികളെ യുഎസിൽ തങ്ങാൻ സഹായിക്കുന്ന വ്യാജ രേഖകൾ ചമച്ചതായാണ് കേസ്. ഭരത് കാകിറെഡ്ഡി, സുരേഷ് കണ്ടാല, ഫനിദീപ് കർണാടി, പ്രേം റംപീസ, സന്തോഷ് സാമ, അവിനാശ് തക്കല്ലപ്പല്ലി, അശ്വന്ത് നുനെ, നവീൻ പ്രതിപാഠി എന്നിവരാണ് പിടിയിലായത്. 

യുഎസ് എമി​ഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെ‍ന്റ് ഏജന്റുമാർ ഒരു രാത്രി മുഴുവൻ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പിടിയിലായവർ 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ആറ് പേർ ഡിട്രോയിറ്റിൽ നിന്നാണ് അറസ്റ്റിലായത്. രണ്ട് പേർ, വെർജീനയ, ഫ്ലോറിഡ എന്നിവിടങ്ങളിൽ നിന്നുമാണ് പിടിയിലായത്. 

പുറത്തു വന്നത് വൻ തട്ടിപ്പാണെന്നും ഇവർ വഴി രേഖകൾ സംഘടിപ്പിച്ച് യുഎസിൽ തങ്ങിയ ഒട്ടേറെപ്പേർ നടപടി നേരിടേണ്ടി വരുമെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പിനിരയായവരിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇവരെ യുഎസിൽ നിന്ന് പുറത്താക്കിയേക്കും. 

തട്ടിപ്പ് കണ്ടെത്താൻ അന്വേഷണ ഏജൻസികൾ രഹസ്യ നീക്കങ്ങളാണ് നടത്തിയത്. ഡിട്രോയിറ്റിൽ യൂനിവേഴ്സിറ്റി ഓഫ് ഫാമിങ്ടൻ എന്ന പേരിൽ സ്ഥാപനം ഒരുക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇത് വ്യാജമാണെന്ന് അറിയാതെ തട്ടിപ്പ് സംഘം അതിലെ വിവരങ്ങൾ ഉപയോ​ഗിച്ച് വിദ്യാർഥികൾക്ക് യുഎസിൽ തങ്ങാനുള്ള രേഖകൾ തയ്യാറാക്കി നൽകി. ഇത്തരത്തിൽ പ്രവേശനം നേടിയ ഒട്ടേറെ വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിലാണ്. രേഖകൾ തയ്യാറാക്കി നൽകാൻ വലിയ പ്രതിഫലമാണ് ഇവർ ഈടാക്കിയത്. 

വ്യാജ യൂനിവേഴ്സിറ്റി തയ്യാറാക്കി യുഎസ് അധികൃതർ നേരത്തേയും വിദ്യാർഥി വിസ ​ദുരുപയോ​ഗം ചെയ്യുന്ന സംഘത്തെ പിടികൂടിയിട്ടുണ്ട്. 2016ൽ 21 പേരാണ് ഇത്തരത്തിൽ പൊലീസ് പിടിയിലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com