പോളാർ വെർട്ടക്സ്: മരവിക്കുന്ന തണുപ്പിൽ അമേരിക്ക; 25‌ഓളം മരണം, നൂറിലധികം പേർ‌ക്ക് അപകടം 

ഇല്ലിനോയ് സംസ്ഥാനത്ത് മാത്രം 250പേരാണ് ഇതുവരെ ശീതവീക്കം ബാധിച്ച് ആശുപത്രിയില്‍ എത്തിയിട്ടുള്ളത്
പോളാർ വെർട്ടക്സ്: മരവിക്കുന്ന തണുപ്പിൽ അമേരിക്ക; 25‌ഓളം മരണം, നൂറിലധികം പേർ‌ക്ക് അപകടം 

ഷിക്കാ​ഗോ: അപകടകരമായ തണുപ്പും കനത്ത മഞ്ഞുവീഴ്ചയും അമേരിക്കയില്‍ ജനജീവിതം കൂടുതല്‍ ദുഃസഹമാക്കുന്നു. എട്ട് സംസ്ഥാനങ്ങളിലായി ഇരുപത്തിയഞ്ചോളം പേര്‍ മരിക്കുകയും നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശീതവീക്കം(ഫ്രോസ്റ്റ്‌ബൈറ്റ്), എല്ലുകള്‍ക്ക് പൊട്ടല്‍, ഹൃദയാഘാതം, വിഷവാതകം ശ്വസിച്ചുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ ​ഗുരുതര ആരോ​ഗ്യ പ്രശ്‌നങ്ങളാണ് കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കന്‍ ജനത നേരിടുന്നത്. 

ആർട്ടിക് മേഖലയിൽ നിന്നു വരുന്ന ശീതക്കാറ്റ് അഥവാ പോളാർ വെർട്ടക്സ് എന്ന പ്രതിഭാസമാണ്  ഈ കൊടും തണുപ്പിന് കാരണം. ഇല്ലിനോയ് സംസ്ഥാനത്ത് മാത്രം 250പേരാണ് ഇതുവരെ ശീതവീക്കം ബാധിച്ച് ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. ആദ്യമായാണ് ഇത്രയധികം ആളുകള്‍ ശീതവീക്ക ബാധിതരായി ആശുപത്രിയിലേക്ക് എത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നത്. 

മൈനസ് 30നും താഴേക്ക് താപനില എത്തിയതോടെയാണ് ഇല്ലിനോയിസില്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സാധാരണഗതിയില്‍ ശീതകാലത്ത് ശീതവീക്ക ബാധിതരായി 30ല്‍ കുറവ് ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ എത്താറ്. ആ സാഹചര്യത്തിലാണ് ഈ വര്‍ഷം 250ഓളം പേര്‍ ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യസഹായം തേടിയിരിക്കുന്നത്.

വളരെ കുറച്ച് സമയം തണുപ്പുമായി സമ്പര്‍ക്കത്തിലായവര്‍ക്ക് പോലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രോഗബാധിതരാണെങ്കിലും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പലരും ശ്രമിക്കുന്നില്ല. പുറത്ത് തെന്നിവീഴാനുള്ള സാധ്യത കൂടുതലായതിനാല്‍ ഓണ്‍ലൈനായി വൈദ്യസഹായം തേടുകയാണ് പലരും. 

മിന്നിയപോളിസ്, ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളില്‍ മൈനസ് അഞ്ച് എന്ന നിലയിലേക്ക് താപനില എത്തിയിരുന്നു. ഇല്ലിനോയിസ് സംസ്ഥാനത്തിന്റെ ചിക്കാഗോ അടക്കമുള്ള വടക്കൻ പ്രദേശങ്ങളിൽ മൈനസ് 46 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴുമെന്ന് നാഷണൽ വെതർ സർവ്വീസ് റിപ്പോര്‍ട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com