ഞങ്ങള്‍ ലോകം ചുറ്റാന്‍ പോവുകയാണ്, പണം വേണം: നാലുമാസം പ്രായമുള്ള കുഞ്ഞിനെക്കൊണ്ട് തെരുവില്‍ സര്‍ക്കസ്
By സമകാലികമലയാളം ഡെസ്‌ക് | Published: 06th February 2019 02:19 AM |
Last Updated: 06th February 2019 04:01 AM | A+A A- |

മലേഷ്യ: ലോകം ചുറ്റാന്‍ പണം കണ്ടെത്താന്‍ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപയോഗിച്ച് സര്‍ക്കസ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. റഷ്യന്‍ ദമ്പതികളെയാണ് പൊലീസ് മലേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ അപകടകരമായ രീതിയില്‍ തല കുത്തനെ പിടിച്ച് കയ്യിലിട്ട് ഊഞ്ഞാലിലെന്ന പോലെ ആട്ടിയായിരുന്നു ഇവരുടെ അഭ്യാസ പ്രകടനം.
സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ 28കാരനെയും 27കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ ഉപയോഗിച്ചുള്ള അഭ്യാസങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ദമ്പതികള്‍ പൊലീസ് പിടിയിലായത്.
90 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. സംഗീതത്തിന്റെ അകമ്പടിയോടെയാണ് നാല് മാസം പ്രായമുള്ള കുഞ്ഞിനെക്കൊണ്ട് ഇവര്‍ അഭ്യാസം നടത്തുന്നതെന്ന് വീഡിയോയില്‍ കാണാന്‍ സാധിക്കും. നിലത്തിരിക്കുന്ന സ്ത്രീ പിടിച്ചിരിക്കുന്ന പ്ലാക്കാര്‍ഡില്‍ 'ഞങ്ങള്‍ ലോകം ചുറ്റാന്‍ പോകുകയാണ്.' എന്നെഴുതിയിട്ടുണ്ട്.
ഇവര്‍ക്ക് ചുറ്റും വലിയൊരു ആള്‍ക്കൂട്ടത്തെയും വീഡിയോയില്‍ കാണാം. ആള്‍ക്കൂട്ടത്തിലൊരാള്‍ ''ഇത് അംസംബന്ധമാണ്, അങ്ങനെ ചെയ്യരുത്.'' എന്ന് രോഷത്തോടെ വിളിച്ചു പറയുന്നതും പശ്ചാത്തലത്തില്‍ കേള്‍ക്കാം. കഴിഞ്ഞ വെള്ളിയാഴ്ച തായ്‌ലന്റില്‍ നിന്നുമാണ് ഇവര്‍ മലേഷ്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.