ചോദ്യം ചെയ്യലിനിടെ പ്രതിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റി, ട്രൗസറിനുള്ളില്‍ വെക്കുമെന്ന് ഭീഷണിപ്പെടുത്തി; വിവാദമായി വീഡിയോ

വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പൊലീസ് ക്ഷമ ചോദിക്കുകയും സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കുകയും ചെയ്തു
ചോദ്യം ചെയ്യലിനിടെ പ്രതിയുടെ കഴുത്തില്‍ പാമ്പിനെ ചുറ്റി, ട്രൗസറിനുള്ളില്‍ വെക്കുമെന്ന് ഭീഷണിപ്പെടുത്തി; വിവാദമായി വീഡിയോ

ജകാര്‍ത്ത; ജീവനുള്ള പാമ്പിനെ കഴുത്തിലൂടെയിട്ട് പ്രതിയെ ചോദ്യം ചെയ്ത ഇന്തോനേഷ്യന്‍ പൊലീസ് വിവാദത്തില്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പാപ്പ്വയിലാണ് സംഭവമുണ്ടായത്. ചോദ്യം ചെയ്യുന്നതിനിടെ പാമ്പിനെ കാണിച്ച് പ്രതിയെ പേടിപ്പിക്കുകയായിരുന്നു. വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പൊലീസ് ക്ഷമ ചോദിക്കുകയും സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കുകയും ചെയ്തു. 

മോഷണം പോയ മൊബൈല്‍ ഫോണിനെക്കുറിച്ചാണ് ഇയാളോട് പൊലീസ് ചോദ്യം ചോദിക്കുന്നത്. കൈ പിന്നില്‍ കെട്ടി നിലത്ത് ഇരുത്തിയിരിക്കുകയാണ് പ്രതിയെ. ഇയാളുടെ കഴുത്തില്‍ പാമ്പിനെ ഇട്ടിരിക്കുന്നു. ഇടയ്ക്ക് ഉദ്യോഗസ്ഥര്‍ പാമ്പിനെ മുഖത്തിന് നേരെ കൊണ്ടുവരുന്നുണ്ട്. പേടിച്ചിരിക്കുന്ന ഇയാളോട് എത്ര മൊബൈല്‍ മോഷ്ടിച്ചു എന്ന് പൊലീസ് ചോദിക്കുന്നു. രണ്ടെണ്ണം മാത്രം മോഷ്ടിച്ചിട്ടുള്ളൂ എന്നാണ് യുവാവ് മറുപടിയായി പറയുന്നത്. അതിനിടെ ഒരാള്‍ യുവാവിനോടേ കണ്ണു തുറക്കാന്‍ ഉത്തരവിടുന്നത് കേള്‍ക്കാം. വായിലും ട്രൗസറിന്റെ ഇടയിലും പാമ്പിനെ ഇടുമെന്നും പൊലീസ് ഭീഷണി മുഴക്കുന്നുണ്ട്. 

പൊലീസുകാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാമ്പിനെ ഉപയോഗിച്ച് പ്രതികളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ ഇവിടെ ആദ്യമായിട്ടല്ല എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. നിരവധി പേര്‍ ഇത്തരം അക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com