ഐഎസില്‍ ചേരാന്‍ പോയവര്‍ കുട്ടിയെ വളര്‍ത്താനായി തിരിച്ചുവരണ്ട; 19 കാരിയുടെ പൗരത്വം റദ്ദാക്കി ബ്രിട്ടന്‍

ജനവികാരം ശക്തമായ സാഹചര്യത്തിലാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്
ഐഎസില്‍ ചേരാന്‍ പോയവര്‍ കുട്ടിയെ വളര്‍ത്താനായി തിരിച്ചുവരണ്ട; 19 കാരിയുടെ പൗരത്വം റദ്ദാക്കി ബ്രിട്ടന്‍

ലണ്ടന്‍; ഐഎസില്‍ ചേരാന്‍ നാട് വിട്ട ശേഷം ഗര്‍ഭിണിയായപ്പോള്‍ തിരിച്ചുവരാന്‍ ആഗ്രഹിച്ച പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു നടപടി. പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് ബ്രിട്ടനിലേക്ക് തിരിച്ചു വരണമെന്ന് ഷെമീമ ബീഗം ആഗ്രഹം പ്രകടിപ്പിച്ചത്. അന്നു തന്നെ ബ്രിട്ടന്‍ ഇതിനെ എതിര്‍ത്തിരുന്നു. ജനവികാരം ശക്തമായ സാഹചര്യത്തിലാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്.

ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ച് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിന് ആഭ്യന്തരവിഭാഗം കത്തയച്ചു. ഹോം സെക്രട്ടറിയുടെ തീരുമാനപ്രകാരമാണ് നടപടിയെന്ന് കത്തില്‍ പറയുന്നുണ്ട്. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാന്‍ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.

ശനിയാഴ്ചയാണ് പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ബ്രിട്ടന്‍ ഇതിനെ എതിര്‍ത്തതോടെ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. മകനെ ഇസ്‌ലാമില്‍തന്നെ വളര്‍ത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും അതിന് ശേഷം അവര്‍ ബിബിസിയോട് പറഞ്ഞിരുന്നു. യുകെയിലേക്കു മടങ്ങിയെത്താന്‍ അനുവദിച്ചാല്‍ ജയിലില്‍ പോകാന്‍ പോലും തനിക്കു മടിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ ഐഎസിനു നേരേ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റര്‍ അരീനയില്‍ നടത്തിയ സ്‌ഫോടനമെന്നും അവര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണു പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടന്‍ കടന്നത്.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷെമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നും സിറിയയിലേക്ക് കടന്നത്. ബെത്‌നള്‍ ഗ്രീന്‍ അക്കാദമി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന 15 വയസ്സുകാരായ ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുല്‍ത്താന(16) എന്ന മറ്റൊരു വിദ്യാര്‍ഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് എന്തുപറ്റിയെന്ന് കൃത്യമായ വിവരമില്ലെന്നാണ് ഷെമീമ പറയുന്നത്. 19 കാരിയുടെ മൂന്നാമത്തെ കുട്ടിയാണ് ഇപ്പോള്‍ ജനിച്ചത്. ആദ്യത്തെ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടെന്നാണ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com