ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക്കിസ്ഥാൻ

ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സിൽ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെ തുടർന്നാണു നടപടിയെന്നു പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയം
ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക്കിസ്ഥാൻ. ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സിൽ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിനെ തുടർന്നാണു നടപടിയെന്നു പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പാക് പഞ്ചാബിലെ ബഹാവല്‍പൂരിലെ  ജെയ്ഷെ മുഹമ്മദ് ആസ്ഥാനമാണ് പാക് സര്‍ക്കാര്‍ പിടിച്ചെടുത്തത്. ജെയ്ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകൾ സർക്കാർ ഏറ്റെടുത്തു. ഇവയുടെ നടത്തിപ്പിന് അഡ്മിനിസ്ട്രേറ്ററെ വച്ചതായാണ് റിപ്പോര്‍ട്ട്. മദ്രസ ക്യാംപസിനുള്ളിൽ 600 വിദ്യാർഥികളും 70 അധ്യാപകരുമാണുള്ളത്. ഇവരുടെ സുരക്ഷ പഞ്ചാബ് പൊലീസ് ഏറ്റെടുത്തു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാ അത്തുദ്ദഅവയെ കഴിഞ്ഞ ദിവസം നിരോധിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പുതിയ നടപടിയും.

നേരത്തെ, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തടയാന്‍ രൂപീകരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയായ എഫ്എടിഎഫ്, പാക്കിസ്ഥാനെ ഒക്‌ടോബര്‍ വരെ നിരീക്ഷണ പട്ടികയില്‍ (ഗ്രേ ലിസ്റ്റ്) തന്നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടെ രാജ്യാന്തര ഏജന്‍സികളില്‍ നിന്നു പാക്കിസ്ഥാനു വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇതോടെ ഭീകരര്‍ക്കു പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്ന നടപടികള്‍ പാക്കിസ്ഥാന് പൂര്‍ണമായി അവസാനിപ്പിക്കേണ്ടി വരുമെന്നാണു വിലയിരുത്തൽ.

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാകൗണ്‍സില്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ പേരെടുത്ത് പറഞ്ഞുള്ള പ്രമേയം രക്ഷാകൗണ്‍സില്‍ അംഗമായ ചൈനയ്ക്ക് തിരിച്ചടിയായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com