'തക്കാളി നിര്‍ത്തിക്കോളൂ, പകരം ആറ്റംബോംബായിരിക്കും വരിക' ; ഭീഷണിയുമായി പാക് മാധ്യമപ്രവര്‍ത്തകന്‍ , പ്രതിഷേധം

പാകിസ്ഥാന്റെ കരുത്ത് കണ്ട് പേടിച്ചാണ് തക്കാളി കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുന്നത്
'തക്കാളി നിര്‍ത്തിക്കോളൂ, പകരം ആറ്റംബോംബായിരിക്കും വരിക' ; ഭീഷണിയുമായി പാക് മാധ്യമപ്രവര്‍ത്തകന്‍ , പ്രതിഷേധം


ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് തക്കാളി അടക്കം പച്ചക്കറി കയറ്റുമതി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് വില നിയന്ത്രണാതീതമായതില്‍ പ്രതികരണവുമായി പാക് മാധ്യമപ്രവര്‍ത്തകന്‍. പാകിസ്ഥാന്റെ ശക്തി കണ്ട് പേടിച്ചാണ് ഇന്ത്യ തക്കാളി കയറ്റുമതി നിഷേധിച്ചതെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. 

'പാകിസ്ഥാന്റെ കരുത്ത് കണ്ട് പേടിച്ചാണ് തക്കാളി കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുന്നത്. തക്കാളി നിര്‍ത്തിക്കോളൂ, പകരം ആറ്റംബോംബായിരിക്കും അങ്ങോട്ടേക്ക് വരിക' എന്നാണ് റിപ്പോര്‍ട്ടര്‍ പറയുന്നത്. കൂടാതെ ഇന്ത്യയുടെ നടപടിയില്‍ രാജ്യം പിന്നീട് പശ്ചാത്തപിക്കുമെന്നും റിപ്പോര്‍ട്ടര്‍ ആവര്‍ത്തിക്കുന്നു. ഈ  വാര്‍ത്ത പുറത്തു വന്നതോടെ പാക് മാധ്യമപ്രവര്‍ത്തകനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി.

 ഇന്ത്യയില്‍ നിന്നും തക്കാളി കയറ്റുമതി നിര്‍ത്തിയതോടെ, പാകിസ്ഥാനില്‍ തക്കാളി വില കിലോയ്ക്ക് 180 രൂപ വരെയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ പെറ്റ്‌ലവാഡയില്‍ നിന്നുള്ള തക്കാളിക്ക് പാകിസ്ഥാനില്‍ വന്‍ ഡിമാന്റാണ്. ഇന്ത്യയില്‍ 25 കിലോയ്ക്ക് 500 മുതല്‍ 600 രൂപ വരെ കിട്ടുന്ന തക്കാളിക്ക് പാകിസ്ഥാനില്‍ 1200 മുതല്‍ 1500 രൂപ വരെ കിട്ടാറുണ്ട്. 

എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലേക്കുള്ള തക്കാളി കയറ്റുമതി നിര്‍ത്തിവെക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്ഥാനിലേക്കുള്ള ഇറക്കുമതി തീരുവ 200 ശതമാനമാക്കിയതിന് പിന്നാലെയായിരുന്നു തക്കാളി കയറ്റുമതി നിര്‍ത്തിവെച്ചത്. 

ഇതില്‍ പ്രകോപിതനായാണ് ചാനല്‍ റിപ്പോര്‍ട്ടറുടെ പ്രതികരണം. ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി42.ടി വി റിപ്പോര്‍ട്ടാണ് ഇത്തരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ഭീഷണി മുഴക്കിയത്. എന്നാല്‍ കൂകിവിളിച്ചുള്ള ഭീഷണി റിപ്പോര്‍ട്ടിങ്ങിനെതിരേ വ്യാപകമായ ട്രോളാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്നത്. 

ഞങ്ങള്‍ കര്‍ഷകരാണ്. ഞങ്ങള്‍ തക്കാളി കൃഷി ചെയ്യുന്നു. ഈ തക്കാളി ഞങ്ങള്‍ പാകിസ്താനിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. പക്ഷേ ഞങ്ങളുടെ ഭക്ഷണം കഴിച്ചിട്ട് അവര്‍ ഞങ്ങളുടെ സൈനികരെ വധിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് പാകിസ്താന്‍ ഇല്ലാതായി കാണാനാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യക്കാരേയും അതിന് അനുവദിക്കില്ല'  മധ്യപ്രദേശിലെ കര്‍ഷകനായ രവീന്ദ്ര പടിദാര്‍ പറഞ്ഞതായി എ എന്‍ ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com