ഇനി പറക്കുക സൈനിക വിമാനങ്ങള്‍ മാത്രം, വിമാനയാത്രാ സര്‍വ്വീസുകള്‍ പാകിസ്ഥാന്‍ പൂര്‍ണമായും നിര്‍ത്തിവച്ചു;  സംഘര്‍ഷം ആകാശത്തേക്കും

പാകിസ്ഥാനില്‍ നിന്നും നിലവില്‍ വിദേശത്തേക്ക് സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന വിമാനങ്ങളും പാകിസ്ഥാനിലേക്ക് യാത്രപുറപ്പെട്ട വിമാനങ്ങളും സുരക്ഷിതമായ എയര്‍പോര്‍ട്ടുകളിലേക്ക് മാറ്റുമെന്നും മന്ത്രാലയത്തി
ഇനി പറക്കുക സൈനിക വിമാനങ്ങള്‍ മാത്രം, വിമാനയാത്രാ സര്‍വ്വീസുകള്‍ പാകിസ്ഥാന്‍ പൂര്‍ണമായും നിര്‍ത്തിവച്ചു;  സംഘര്‍ഷം ആകാശത്തേക്കും

ഇസ്ലമാബാദ്: ഇന്ത്യയുമായി ഉടലെടുത്ത സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള വാണിജ്യ- ആഭ്യന്തര സര്‍വ്വീസുകള്‍ പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. സുരക്ഷാ കാരണങ്ങളാല്‍ വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ വിമാനത്താവളങ്ങള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കൂവെന്നും പാക് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇസ്ലമാബാദ്, ലാഹോര്‍, കറാച്ചി എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകളാണ് സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കിയത്. 
 
പഞ്ചാബിലേക്കും ഖൈബര്‍ പ്രവിശ്യയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ നേരത്തേ തന്നെ പാക് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലാഹോര്‍, സിയാല്‍കോട്ട്, ഫൈസലാബാദ്, മുള്‍ട്ടാന്‍, ഇസ്ലമാബാദ് എന്നിവിടങ്ങളിലേക്ക് കൂടി ഉത്തരവ് വ്യാപിപ്പിച്ചത്. വിമാനത്താവളങ്ങളുടെ നിയന്ത്രണം സൈന്യത്തിന് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാനില്‍ നിന്നും നിലവില്‍ വിദേശത്തേക്ക് സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന വിമാനങ്ങളും പാകിസ്ഥാനിലേക്ക് യാത്രപുറപ്പെട്ട വിമാനങ്ങളും സുരക്ഷിതമായ എയര്‍പോര്‍ട്ടുകളിലേക്ക് മാറ്റുമെന്നും മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകളും അവസാനിപ്പിച്ചു.
 
ജമ്മു കശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളിലെ ഒന്‍പത് വിമാനത്താവളങ്ങള്‍ ഇന്ത്യയും അടച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉന്നത തലയോഗം രാവിലെ വിളിച്ചു ചേര്‍ത്തിരുന്നു. ഇന്ത്യയുടെ രണ്ട് സൈനിക വിമാനങ്ങള്‍ വെടിവച്ചിട്ടതായും രണ്ട് പൈലറ്റുമാരെ കസ്റ്റഡിയില്‍ എടുത്തതായും പാകിസ്ഥാന്‍ അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ രണ്ട് സൈനിക കമാണ്ടര്‍മാര്‍ പാക് പട്ടാളത്തിന്റെ പിടിയിലായെന്ന വാര്‍ത്ത ഇന്ത്യ ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com