കവചിത തീവണ്ടിയിൽ കിം എത്തി ; ട്രംപുമായുള്ള ഉച്ചകോടി ഇന്നുമുതൽ 

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് ഇന്ന് തുടക്കം
കവചിത തീവണ്ടിയിൽ കിം എത്തി ; ട്രംപുമായുള്ള ഉച്ചകോടി ഇന്നുമുതൽ 

ഹനോയി: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും തമ്മിലുള്ള രണ്ടാം ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഇന്നും നാളെയുമായാണ് ലോകം സാകൂതം കാത്തിരിക്കുന്ന ട്രംപ്-കിം ഉച്ചകോടി നടക്കുക. കൊറിയൻമുനമ്പിനെ അണുവായുധ വിമുക്തമാക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.  വിയറ്റ്നാമിലെ ഹാനോയിലാണ് ഉച്ചകോടി നടക്കുന്നത്. 

ഉച്ചകോടിക്കായി ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉൻ ചൊവ്വാഴ്ച വിയറ്റ്നാമിലെത്തി. പ്യോങ്‌യാങ്ങിൽനിന്ന് ചൈനവഴി കനത്ത സുരക്ഷാസംവിധാനങ്ങളുള്ള കവചിത തീവണ്ടിയിൽ 60 മണിക്കൂറോളം യാത്രചെയ്താണ് കിം എത്തിയത്. 

മാവോ സ്റ്റൈൽ കറുത്ത സ്യൂട്ടണിഞ്ഞ് രാവിലെ 8.15-ന് ഡോങ് ഡാങ് ടൗണിലെ സ്റ്റേഷനിലെത്തിയ ഉത്തരകൊറിയൻ രാഷ്ട്രത്തലവനെ വിയറ്റ്നാം അധികൃതർ ചുവന്ന പരവതാനി വിരിച്ചും ഗാർഡ് ഓഫ് ഓണർ നൽകിയുമാണ് സ്വീകരിച്ചത്. ഇവിടെനിന്ന് ഉച്ചകോടി നടക്കുന്ന ഹനോയിയിലേക്ക് കാറിലാണ് കിം എത്തിയത്. 

വിയറ്റ്നാം തലസ്ഥാനത്തെ നോയ് ബായ് വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയാണ് യു എസ് പ്രസിഡന്റ് ട്രംപ് വിമാനമിറങ്ങിയത്. ‘കിം ജോങ് ഉന്നുമായുള്ള ഉച്ചകോടിക്കായി വിയറ്റ്നാമിലേക്ക് തിരിക്കുകയാണ്. അത് വിജയകരമായി പര്യവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ -തിങ്കളാഴ്ച രാത്രി എയർഫോഴ്സ് വണിൽ വെച്ച് ട്രംപ് ട്വീറ്റ് ചെയ്തു.

ഹനോയിയിൽ ബുധനാഴ്ച രാത്രി നേതാക്കൾ ആദ്യം നേർക്കുനേരാണ് ചർച്ചനടത്തുക. തുടർന്ന് അത്താഴത്തിന് പ്രതിനിധിസംഘം ഒപ്പംചേരും. യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചർച്ചകൾക്കായി ഹനോയിയിൽ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ജൂണിൽ സിങ്കപ്പൂരിൽ നടന്ന ചർച്ചയിൽ ഒപ്പുവെച്ച ഉടമ്പടി നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ ഇരുനേതാക്കളും ഉച്ചകോടിയിൽ ചർച്ചചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com