'സര്‍പ്രൈസിനായി കാത്തിരുന്നോളൂ' ; ഇന്ത്യയ്ക്ക് പാക് സൈന്യത്തിന്റെ മുന്നറിയിപ്പ്

അടുത്തത് ഞങ്ങളുടെ ഊഴമാണ്. തിരിച്ചടി വളരെ വ്യത്യസ്തമായിരിക്കുമെന്നും പാക് സൈനിക വക്താവ്
'സര്‍പ്രൈസിനായി കാത്തിരുന്നോളൂ' ; ഇന്ത്യയ്ക്ക് പാക് സൈന്യത്തിന്റെ മുന്നറിയിപ്പ്


ഇസ്ലാമാബാദ് : അതിര്‍ത്തി ലംഘിച്ച് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ സൈന്യം. സര്‍പ്രൈസിനായി കാത്തിരുന്നോളൂ. മറുപടി തീര്‍ച്ചയായും വരും. അടുത്തത് ഞങ്ങളുടെ ഊഴമാണ്. തിരിച്ചടി വളരെ വ്യത്യസ്തമായിരിക്കുമെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി. 

തിരിച്ചടിക്കാന്‍ സൈന്യം തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. ഉചിതമായ സമയത്ത് തിരിച്ചടി ഉണ്ടാകും. ഇന്ത്യ യുദ്ധത്തിന്റെ വഴിയാണ് പോകുന്നത്. ബുധനാഴ്ച പാര്‍ലമെന്റിന്റെ സംയുക്ത യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം ചേരുന്ന നാഷണല്‍ കമാന്‍ഡ് അതോറിട്ടി യോഗം തിരിച്ചടിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും പാക് സൈനിക വക്താവ് അറിയിച്ചു. ആണവായുധങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച സമിതിയാണ് നാഷണല്‍ കമാന്‍ഡ് അതോറിട്ടി. 

ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ മൂന്ന് ദിശയിലൂടെ പാകിസ്ഥാനില്‍ പ്രവേശിച്ചു. എന്നാല്‍ പാകിസ്ഥാന്‍ വ്യോമസേന ഇതിനെ ഫലപ്രദമായി ചെറുത്തു. മുസഫറബാദ് സെക്ടറിലൂടെ എത്തിയ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍, പാക് സേനാവിമാനങ്ങള്‍ എത്തിയതോടെ, തിടുക്കത്തില്‍ ബാലാകോട്ടിന് സമീപം ബോംബുകള്‍ ഇട്ടശേഷം പിന്‍വാങ്ങുകയായിരുന്നുവെന്നും ആസിഫ് ഗഫൂര്‍ പറഞ്ഞു. 

ഇന്ത്യന്‍ വ്യോമാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ അടിയന്തരമായി ചേര്‍ന്ന പാക് ദേശീയ സുരക്ഷാ സമിതി യോഗത്തില്‍ ഏതു സാഹചര്യവും നേരിടാന്‍ സന്നദ്ധമായിരിക്കാന്‍ സായുധ സേനകളോടും ജനങ്ങളോടും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നും ഇമ്രാന്‍ വ്യക്തമാക്കി. ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com