സുഷമയ്‌ക്കൊപ്പം വേദി പങ്കിടാനില്ല ; ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറി

സമ്മേളനത്തിലേക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ പിന്‍മാറ്റം
സുഷമയ്‌ക്കൊപ്പം വേദി പങ്കിടാനില്ല ; ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറി

ന്യൂഡല്‍ഹി : ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറി. സമ്മേളനത്തിലേക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ പിന്‍മാറ്റം. അതിര്‍ത്തി കടന്ന് പാക് ഭീകരക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിന് പിന്നാലെ, പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഇസ്ലാമിക രാഷ്ട്ര നേതാക്കളെ വിളിച്ച് സുഷമ സ്വരാജിനെ പങ്കെടുപ്പിക്കുന്നതില്‍ അതൃപ്തി അറിയിച്ചിരുന്നു. 

മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലാണ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനം അബുദാബിയില്‍ ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടന  സെഷനിലേക്കാണ് മുഖ്യാതിഥിയായി സുഷമ സ്വരാജിനെ ക്ഷണിച്ചത്. എന്നാല്‍ സുഷമ സ്വരാജ് പങ്കെടുക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇല്ലെന്ന് അറിയിച്ച് പാകിസ്ഥാന്‍ പിന്മാറുകയായിരുന്നു. 

ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയാദ് അല്‍ നഹ്യാനെയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും വിളിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചിരുന്നു. ഇന്ത്യ അതിര്‍ത്തി ലംഘിച്ചതില്‍ പാകിസ്ഥാന്‍ ഇരുവരെയും അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യന്‍ ആക്രമണത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ അപലപിക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com