അഭിനന്ദിനെ മോചിപ്പിക്കൂ, മനുഷ്യത്വം കാണിക്കൂ; ഇമ്രാന്‍ ഖാനോട് ഫാത്തിമ ഭൂട്ടോ

സമാധാനം എന്ന എറ്റവും ശരിയായ കാര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിന് ഞങ്ങള്‍ക്ക് പേടിയില്ല.
അഭിനന്ദിനെ മോചിപ്പിക്കൂ, മനുഷ്യത്വം കാണിക്കൂ; ഇമ്രാന്‍ ഖാനോട് ഫാത്തിമ ഭൂട്ടോ

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ സൈന്യം തടവിലാക്കിയ വിങ് കമാന്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന് എഴുത്തുകാരിയും പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി സുള്‍ഫറിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളുമായ ഫാത്തിമ ഭൂട്ടോ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയായിരുന്നു ഫാത്തിമ തന്റെ നിലപാടറിയിച്ചത്.  

'ഞാനും എന്നെപ്പോലെയുള്ള നിരവധി യുവ പാക്കിസ്ഥാന്‍ പൗരന്‍മാരും ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിലൂടെ സമാധാനത്തിനും മാനവികതയ്ക്കുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത കാണിക്കണം'- ഫാത്തിമ ഭൂട്ടോ പറഞ്ഞു.

ഒരു ജീവിതകാലം മുഴുവന്‍ നമ്മള്‍ യുദ്ധത്തിനായി മാറ്റി വെച്ചു. ഒരു പാക്ക് പട്ടാളക്കാരനും മരിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ മരിക്കുന്നതും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മള്‍ അനാഥരുടെ ഒരു ഉപഭൂഖണ്ഡമാകരുതെന്നും ഫാത്തിമ ഭൂട്ടോ തന്റെ ലേഖനത്തില്‍ വ്യക്തമാക്കി.

എന്റെ തലമുറയിലെ പാക്കിസ്ഥാന്‍ ജനത സംസാരിക്കുന്നതിനുള്ള അവകാശത്തിന് വേണ്ടി പോരാടിയിരിക്കയാണ്. സമാധാനം എന്ന എറ്റവും ശരിയായ കാര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നതിന് ഞങ്ങള്‍ക്ക് പേടിയില്ല. പക്ഷേ ദീര്‍ഘനാളായിട്ടുള്ള ഭീകരവാദത്തിന്റെയും സൈനിക സേഛാധിപത്യത്തിന്റെയും ചരിത്രം എന്റെ തലമുറയ്ക്ക് ഉണ്ടാക്കിയ അനിശ്ചിതത്വം യുദ്ധത്തിനോടുള്ള ആസക്തിയും ക്ഷമയില്ലായ്മയും ഇല്ലാതാക്കിയിട്ടുണ്ട്. ഭൂരിപക്ഷം ജനങ്ങളും പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തിലാണ്'- ഫാത്തിമ ഭൂട്ടോ പറഞ്ഞു.

'അയല്‍ക്കാരോട് സമാധാനപരമായി എന്റെ രാജ്യം പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല' പക്ഷെ മുമ്പൊന്നും കാണാത്ത വിധത്തില്‍ രണ്ട് ആണവായുധ രാജ്യങ്ങള്‍ തമ്മില്‍ ട്വീറ്റര്‍ അക്കൗണ്ടിലൂടെയുള്ള ഒരു യുദ്ധം കാണുന്നുണ്ടെന്നും ഫാത്തിമ ഭൂട്ടോ തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com