മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്തണം, യുഎന്‍ രക്ഷാസമിതിയില്‍ നിര്‍ദേശം ; ജെയ്‌ഷെ തലവനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും

ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയ്ക്ക് ആയുധങ്ങളും ഫണ്ടുകളും വരുന്ന മാര്‍ഗങ്ങള്‍ അടയ്ക്കണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു
മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്തണം, യുഎന്‍ രക്ഷാസമിതിയില്‍ നിര്‍ദേശം ; ജെയ്‌ഷെ തലവനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും

ന്യൂയോര്‍ക്ക് : ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസറിനെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്തണം. അസറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും, ആ​ഗോള യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നും അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. യുഎന്‍ രക്ഷാസമിതിയിലാണ് വന്‍ശക്തികളായ മൂന്ന് രാജ്യങ്ങള്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയ്ക്ക് ആയുധങ്ങളും ഫണ്ടുകളും വരുന്ന മാര്‍ഗങ്ങള്‍ അടയ്ക്കണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സാഹചര്യത്തിലാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. ഭീകരാക്രമണത്തെ തുടര്‍ന്ന്, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ സജീവമായി അവതരിപ്പിച്ചിരുന്നു.

മുമ്പ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന നിര്‍ദേശം യുഎന്‍ സുരക്ഷാസമിതി നേരത്തെ പരിഗണിച്ചപ്പോള്‍, ചൈനയാണ് പാകിസ്ഥാനെ തുണച്ച് രംഗത്തെത്തിയത്. പാകിസ്ഥാന് അനുകൂലമായി നിലകൊണ്ട ചൈന, ആ നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ചൈനയ്ക്കും അസറിനെ അനുകൂലിച്ച് രംഗത്ത് വരാനാകില്ലെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. 

മസൂദ് അസറിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമേരിക്ക പാകിസ്ഥാനോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. പാക് മണ്ണിലെ ഭീകരസംഘടനകളെ പൂര്‍ണമായും തുടച്ചു നീക്കണം. ഭീകരര്‍ക്ക് സാമ്പത്തികം ലഭിക്കുന്ന മാര്‍ഗങ്ങള്‍ പൂര്‍ണമായി അടക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com