കുട്ടികളുടെ എണ്ണം രണ്ടാക്കാന്‍ അനുവദിച്ചിട്ടും ഗുണമില്ല; 2018 ല്‍ ചൈനയില്‍ ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ 20 ലക്ഷത്തിന്റെ കുറവ്

പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായതോടെ കുട്ടികളുടെ എണ്ണം രണ്ടായി ഉയര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചു
കുട്ടികളുടെ എണ്ണം രണ്ടാക്കാന്‍ അനുവദിച്ചിട്ടും ഗുണമില്ല; 2018 ല്‍ ചൈനയില്‍ ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ 20 ലക്ഷത്തിന്റെ കുറവ്

ബീജിങ്‌; ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി ഒറ്റക്കുട്ടി പോളിസിയാണ് ചൈന പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായതോടെ കുട്ടികളുടെ എണ്ണം രണ്ടായി ഉയര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ടു ചൈല്‍ഡ് പോളിസി വരെ കൊണ്ടുവന്നു. എന്നാല്‍ പുതിയ പോളിസികൊണ്ട് രാജ്യത്തെ കുറഞ്ഞ ജനന നിരക്കില്‍ മാറ്റം വരുത്താനായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഈ കഴിഞ്ഞ വര്‍ഷം ജനിച്ച കുട്ടികളുടെ എണ്ണത്തില്‍ ഇരുപത് ലക്ഷത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജനന നിരക്കിലെ കുറവ് ഇനിയും തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി പിന്തുടര്‍ന്നു വന്ന ഒറ്റക്കുട്ടി നിയമം 2016 ലാണ് ചൈന വേണ്ടെന്ന് വെച്ചത്. ചെറുപ്പക്കാരെക്കാള്‍ പ്രായമായവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതോടെയാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ ചൈന തയാറായത്. 

2016 വരെ ചൈനയില്‍ 60 വയസ് കഴിഞ്ഞ 23 കോടിയില്‍ അധികം ആളുകളാണ് രാജ്യത്തുള്ളത്. മൊത്തം ജനസംഖ്യയുടെ 16.7 ശതമാനം വരും ഇത്. രണ്ട് കുട്ടി നിയമം കൊണ്ടുവന്നിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലെ കുറവ് തുടരുകയാണെന്നാണ് ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനത്തിന്റെ കുറവാണ് കുട്ടികളുടെ എണ്ണത്തിലുണ്ടായത്. 2017 ല്‍ ഒരു കോടി 72 ലക്ഷം കുട്ടികളായിരുന്നു ജനിച്ചത്. 

ജനിച്ച കുട്ടികളുടെ ഔദ്യോഗിക കണക്കുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും പ്രാദേശിയ ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഇരപത് ലക്ഷത്തിന് മുകളില്‍ കുറവുണ്ടെന്നാണ് സെമോഗ്രഫര്‍ യാഫു പറയുന്നത്. കുട്ടികളുടെ എണ്ണം കുറഞ്ഞത് രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. രണ്ട് കുട്ടി നിയമം കൊണ്ടുവന്നപ്പോള്‍ 2017 ലെ ജനനനിരക്ക് 1.97 ആകുമെന്നും 2018 ലേത് 2.09 ഉും ആയി ഉയരുമെന്നാണ് ഹെല്‍ത്ത് അതോറിറ്റി വിലയിരുത്തിയിരുന്നത്. 2018 ല്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണം 2017 നേക്കാള്‍ 7.90 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തില്‍ 20 നും 39 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ എണ്ണം 3.9 കോടിയാവും. ഇതും രാജ്യത്തിന് തിരിച്ചടിയാണ്. ജനന നിരക്ക് വര്‍ധിപ്പിക്കാനായി നിയന്ത്രണം മുഴുവനായി എടുത്തുകളയാനും ആലോചിക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com