വിവാഹ മോചനം; ആമസോൺ മേധാവിക്ക് സ്വത്തിന്റെ പാതി നഷ്ടമാകും വലിയ സമ്പന്നനെന്ന പദവിയും

ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസിന് വിവാഹമോചിതനാവുന്നതിന്റെ പേരില്‍ സ്വത്തിന്റെ പാതി നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ
വിവാഹ മോചനം; ആമസോൺ മേധാവിക്ക് സ്വത്തിന്റെ പാതി നഷ്ടമാകും വലിയ സമ്പന്നനെന്ന പദവിയും

ന്യൂയോർക്ക്: ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബെസോസിന് വിവാഹമോചിതനാവുന്നതിന്റെ പേരില്‍ സ്വത്തിന്റെ പാതി നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ജെഫ് ബെസോസും മക്കെന്‍സിയും വിവാഹിതരായിട്ട് 25 വര്‍ഷത്തോളമായി. വിവാഹിതരായതിന് ശേഷം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയതാണ് ആമസോണിന്റെ നിലവിലെ സമ്പത്തെല്ലാം. ജെഫ് ബെസോസിന്റേയും ഭാര്യ മക്കെന്‍സിയുടെയും വിവാഹ മോചനം ലോകം കണ്ടതില്‍ ഏറ്റവും ചിലവേറിയ വിവാഹ മോചന നടപടിയായി മാറിയേക്കും. 

ആപ്പിളിനേയും, മൈക്രോസോഫ്റ്റിനേയും മറികടന്ന് ആമസോണ്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന നേട്ടത്തിലെത്തി ദിവസങ്ങള്‍ക്കൊടുവിലാണ് ബെസോസും ഭാര്യയും വിവാഹ മോചനം പ്രഖ്യാപിച്ചത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ആ സ്ഥാനം ആമസോണിന് നഷ്ടമാവും. ഒപ്പം ലോകത്തെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം ബെസോസിനും നഷ്ടമാവും. പകരം 9,500 കോടി ഡോളര്‍ ആസ്തിയുള്ള മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്‌സ് ഒന്നാമതെത്തും.

വിവാഹ മോചിതരാകുന്നവര്‍ സ്വത്ത് തുല്യമായി വീതം വെക്കണമെന്നാണ് വാഷിങ്ടണിലെ നിയമം. വിവാഹത്തിന് മുൻപ് ബെസോസും മക്കെന്‍സിയും ഏതെങ്കിലും ഔദ്യോഗിക ധാരണയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലാകും സ്വത്ത് വിഭജനം. വാഷിങ്ടണില്‍ കമ്മ്യൂണിറ്റി പ്രോപ്പര്‍ട്ടി സംവിധാനമാണ് നിലവിലുള്ളത്. ഇതനുസരിച്ച് വിവാഹ ജീവിത കാലയളവില്‍ നേടിയ ആസ്തി വിവാഹമോചന സമയത്ത് ദമ്പതികള്‍ക്ക് പരസ്പര ധാരണയോടെ ഭാഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് കോടതി തുല്യമായി പങ്കുവെക്കും.

വിവാഹ മോചന നടപടിയിലൂടെ ബെസോസിന്റെ സ്വത്തിന്റെ പാതി നഷ്ടമാവും. നിലവില്‍ 13,700 കോടി ഡോളര്‍ ആസ്തിയുണ്ട് ബെസോസിന്. സ്വത്ത് രണ്ടായി ഭാഗിച്ചാല്‍ ബെസോസിന് 6,000 കോടിയിലധികം ഡോളറിന്റെ ആസ്തിയാണ് നഷ്ടമാകുന്നത്. പകുതി സ്വത്ത് ലഭിക്കുന്നതോടെ മക്കെന്‍സി ലോകത്തെ ഏറ്റവും വലിയ സമ്പന്നയായി മാറും. 

വാഷിങ്ടണ്‍ പോസ്റ്റ്, ബഹിരാകാശ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയിലുള്ള ജെഫ് ബെസോസിന്റെ ഓഹരികള്‍ ഉള്‍പ്പടെ പങ്കുവെക്കപ്പെടും. ആമസോണ്‍ തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ബെസോസിന്റേയും മക്കെന്‍സിയുടെയും വരുമാനത്തിന്റെ മുഖ്യ ഉറവിടം ആമസോണ്‍ ആണ്. ആമസോണിന്റെ വളര്‍ച്ചയില്‍ രണ്ട് പേരും തുല്യമായി സംഭാവന ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ആമസോണില്‍ ബെസോസ് കൈവശം വെച്ചിരിക്കുന്ന ഓഹരിയില്‍ പകുതി മക്കെന്‍സിയുടെ കയ്യിലെത്തും.

ബെസോസും മക്കെന്‍സിയും വിവാഹമോചിതരാകാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിവാഹ മോചിതരാകുന്നുവെങ്കിലും ഒരു കുടുംബം പോലെ സുഹൃത്തുക്കളായും മാതാപിതാക്കളായും സംരംഭങ്ങളില്‍ പങ്കാളികളായും മുന്നോട്ട് പോവുമെന്ന് വിവാഹമോചനം അറിയിച്ചുള്ള സംയുക്ത പ്രസ്താവനിയില്‍ ഇരുവരും പറഞ്ഞിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com