ലോക ബാങ്ക് പ്രസിഡന്റാവാന്‍ ഇവാന്‍ക ഇല്ല, പക്ഷേ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ് ; നിക്കി ഹേലിക്ക് സാധ്യത

ലോകബാങ്കിന്റെ ബോര്‍ഡ് അംഗങ്ങള്‍ക്കാണ് ഇതിനുള്ള അധികാരമെങ്കിലും സാധാരണയായി യുഎസ് പ്രസിഡന്റിന്റെ പിന്തുണയുള്ള വ്യക്തിയെയാണ് പ്രസിഡന്റ് ആയി നിയമിക്കുന്നത്
ലോക ബാങ്ക് പ്രസിഡന്റാവാന്‍ ഇവാന്‍ക ഇല്ല, പക്ഷേ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തിയെന്ന് വൈറ്റ് ഹൗസ് ; നിക്കി ഹേലിക്ക് സാധ്യത

വാഷിങ്ടണ്‍: ലോക ബാങ്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചുമതല ഇവാന്‍ക ട്രംപിന് നല്‍കിയതായി വൈറ്റ് ഹൗസ്. ഇതോടെ ഇവാന്‍ക ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുകയാണ്. ഇവാന്‍ക പ്രസിഡന്റ് ആവുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വൈറ്റ് ഹൗസ് വക്താവും വ്യക്തമാക്കി. എന്നാല്‍ പ്രസിഡന്റിന തെരഞ്ഞെടുക്കാനുള്ള ചുമതല ഇവാന്‍കയ്ക്ക് നല്‍കിയ വൈറ്റ് ഹൗസ് തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

ഇവാന്‍കയല്ല ലോകബാങ്ക് പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് എന്നാണ് മറ്റുള്ളവരുടെ വാദം. ലോകബാങ്കിന്റെ ബോര്‍ഡ് അംഗങ്ങള്‍ക്കാണ് ഇതിനുള്ള അധികാരമെങ്കിലും സാധാരണയായി യുഎസ് പ്രസിഡന്റിന്റെ പിന്തുണയുള്ള വ്യക്തിയെയാണ് പ്രസിഡന്റ് ആയി നിയമിക്കുന്നത്. ഇവാന്‍ക മത്സര രംഗത്തില്ലെന്ന് ഉറപ്പായതോടെ യുഎന്നിലെ മുന്‍ അംബാസഡറായിരുന്ന നിക്കി ഹേലിക്ക് സാധ്യതയേറിയിരിക്കുകയാണ്. 

ഏറ്റവും മികച്ചയാളെ ലോകബാങ്കിന്റെ തലപ്പത്തേക്ക് തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഇവാന്‍കയെ സഹായിക്കുമെന്നാണ്‌ യുഎസ് ട്രഷറി സെക്രട്ടറി പറയുന്നത്. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവായി ഇവാന്‍കയെ നിയമിച്ചത് ട്രംപിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു.

മികച്ച സംരംക്ഷക, ഫാഷന്‍ ഡിസൈനര്‍, എഴുത്തുകാരി, ടെലിവിഷന്‍ താരം എന്നീ നിലകളിലും ഇവാന്‍ക പ്രശസ്തയാണ്. സ്ത്രീ ശാക്തീകരണത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിരവധി പരിപാടികള്‍ക്കും അവര്‍ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം അവര്‍ ഹൈദരാബാദും സന്ദര്‍ശിച്ചിരുന്നു. 

 ലോകരാജ്യങ്ങളുടെ വികസനം ലക്ഷ്യമാക്കി രൂപീകരിച്ച ലോകബാങ്കില്‍ 189 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ഇതില്‍ തന്നെ ഏറ്റവും അധികം ഓഹരികള്‍ സ്വന്തമായുള്ളത് യുഎസിനാണ്. സാധാരണയായി ലോക ബാങ്ക് തലവനായി അമേരിക്കന്‍ പൗരനെയും ഐഎംഎഫ് തലവനെ യൂറോപ്പില്‍ നിന്നുമാണ്‌തെരെഞ്ഞെടുക്കുക. കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ പ്രസിഡന്റ് ആയിരുന്ന ജിം യോങ് കിം രാജി വച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com