അവിശ്വാസത്തെ അതിജീവിച്ച് തെരേസ മേ; വിജയം 19 വോട്ടുകള്‍ക്ക്, ബ്രെക്‌സിറ്റില്‍ എംപിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെടുത്തിയതിന്റെ  ചുവടുപിടിച്ച് പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു
അവിശ്വാസത്തെ അതിജീവിച്ച് തെരേസ മേ; വിജയം 19 വോട്ടുകള്‍ക്ക്, ബ്രെക്‌സിറ്റില്‍ എംപിമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറാത്ത തെരേസ മേ സര്‍ക്കാരിന് താത്കാലിക ആശ്വാസം. ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെടുത്തിയതിന്റെ  ചുവടുപിടിച്ച് പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. 19 വോട്ടുകള്‍ക്കാണ് തെരേസ മേ സര്‍ക്കാര്‍ അവിശ്വാസത്തെ അതിജീവിച്ചത്.

അവിശ്വാസത്തെ അതിജീവിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ബ്രക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി തെരേസ മേ ബ്രിട്ടീഷ് എംപിമാരെ ചര്‍ച്ചയ്ക്ക ക്ഷണിച്ചു. ബ്രക്‌സിറ്റ് കരാറില്‍ ഭേദഗതികള്‍ വരുത്തുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബ്രെക്‌സിറ്റ് കരാറിനെ എതിര്‍ത്ത് 432 എംപിമാര്‍ പാര്‍ലമെന്റില്‍ വോട്ടു ചെയ്തതാണ് തെരേസ മേ സര്‍ക്കാരിന് തിരിച്ചടിയായത്. 

 432 എംപിമാര്‍ കരാറിനെ എതിര്‍ത്തു വോട്ടു ചെയ്തപ്പോള്‍ 202 പേര്‍ മാത്രമാണ് കരാറിനെ അനുകൂലിച്ചത്. ഇതോടെ ബ്രിട്ടണ്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മാര്‍ച്ച് 29 നു ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനിരിക്കെ, നൂറിലേറെ ഭരണകക്ഷി അംഗങ്ങളും കരാറിനെതിരെ വോട്ട് ചെയ്തതു പ്രധാനമന്ത്രി തെരേസ മേയ്ക്ക് കനത്ത തിരിച്ചടിയായി. എന്നാല്‍ പരിഷ്‌കരിച്ച കരാറുമായി മുന്നോട്ടു പോകുമെന്നും ഇതിനായി  യൂറോപ്യന്‍ യൂണിയനുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നുമായിരുന്നു ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചത്. 

വ്യാപക എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 11 നു നടത്താനിരുന്ന വോട്ടെടുപ്പു തെരേസ മേ നീട്ടിവച്ചിരുന്നു. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവര്‍ക്കും യൂറോപ്യന്‍ യൂണിയന്റെ കരാര്‍ വ്യവസ്ഥകളോടാണ് എതിര്‍പ്പ്. കരാര്‍പ്രകാരം ബ്രിട്ടണ്‍ ഭീമമായ തുക ഇയു ബജറ്റിനു കൊടുക്കേണ്ടിവരും. അതിനാല്‍, കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണു തെരേസ മേയുടെ എതിരാളികളുടെ ആവശ്യം. സര്‍ക്കാര്‍ ഇനി യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്തു പുതിയ കരാര്‍ തയാറാക്കുകയോ കരാര്‍ വേണ്ടെന്നു വച്ച് തുടര്‍നടപടികളിലേക്കു പോകുകയോ അല്ലെങ്കില്‍ വീണ്ടും ഹിതപരിശോധന നടത്തുകയോ ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com