ഗവേഷകയെ വളര്‍ത്തു മൃഗമായ ഭീമന്‍ മുതല കടിച്ചുകൊന്നു; ശരീരഭാഗങ്ങള്‍ തിന്നു

14 അടി നീളമുള്ള മുതലയുടെ കൂട്ടിലേക്ക് അവര്‍ വീണുപോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്‌
ഗവേഷകയെ വളര്‍ത്തു മൃഗമായ ഭീമന്‍ മുതല കടിച്ചുകൊന്നു; ശരീരഭാഗങ്ങള്‍ തിന്നു

മിനഹസ; വളര്‍ത്തുമൃഗമായ മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പട്ടു. ഇന്തോനേഷ്യന്‍ സ്വദേശിയായ ഡീസി ടുവോയാണ് തന്റെ ഭീമന്‍ വളര്‍ത്തുമൃഗത്തിന്റെ ആക്രമണത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. സുലവെസി ദ്വീപിലെ മിനഹസയിലുള്ള പേള്‍ ഫാമിലെ ലബോറട്ടറി മേധാവിയാണ് മരിച്ച ടുവോ. 14 അടി നീളമുള്ള മുതലയുടെ കൂട്ടിലേക്ക് അവര്‍ വീണുപോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്‌. 

അടുത്ത ദിവസം രാവിലെ ഫാമില്‍ എത്തിയ സഹപ്രവര്‍ത്തകരാണ് അതിഭീകരമായി ആക്രമിക്കപ്പെട്ട നിലയില്‍ 44 കാരിയായ ടുവോയുടെ മൃതദേഹം കണ്ടെത്തിയത്. മേരിയെന്ന് പേരിട്ടിരുന്ന മുതല ടുവോയെ കൊലപ്പെടുത്തിയശേഷം ഭക്ഷണമാക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ ഇരുകൈകളും മുതല കഴിച്ചു. കൂടാതെ അടിവയറിന്റെ ഭൂരിഭാഗവും മൃതദേഹത്തിന് ഉണ്ടായിരുന്നില്ല. 

കൂട്ടിനുള്ളില്‍ കിടക്കുന്ന മൃതദേഹം പുറത്തെത്തിക്കാന്‍ അധികൃതര്‍ വളരെ അധികം കഷ്ടപ്പെട്ടു. മുതലയെ മയക്കിയതിന് ശേഷം കൂട്ടില്‍ നിന്ന് മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂറോളം കഷ്ടപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. നിരവധി സ്പീഷ്യസില്‍പ്പെട്ട മുതലകള്‍ ഉള്ള പ്രദേശമാണ് ഇന്തോനേഷ്യ. മുതലയുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് സാധാരണയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com