സുപ്രധാന പദവികളില്‍ വീണ്ടും ഇന്ത്യന്‍ സാന്നിധ്യം; ഭരണവകുപ്പുകളുടെ നേതൃത്വത്തിലേക്ക് മൂന്ന് ഇന്ത്യന്‍ വംശജരെ തിരഞ്ഞെടുത്ത് ട്രംപ് 

റീത്ത ബാരന്‍വാള്‍, ആദിത്യ ബംസായി, ബിമല്‍ പട്ടേല്‍ എന്നിവരെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണചുമതലകളിലേക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്
സുപ്രധാന പദവികളില്‍ വീണ്ടും ഇന്ത്യന്‍ സാന്നിധ്യം; ഭരണവകുപ്പുകളുടെ നേതൃത്വത്തിലേക്ക് മൂന്ന് ഇന്ത്യന്‍ വംശജരെ തിരഞ്ഞെടുത്ത് ട്രംപ് 

വാഷിങ്ടണ്‍: അമേരിക്കയിലെ മൂന്ന് സുപ്രധാന ഭരണവകുപ്പുകളില്‍ നേതൃത്വം വഹിക്കാന്‍ മൂന്ന് ഇന്ത്യന്‍ വംശജരെ ശുപാര്‍ശ ചെയ്തു. റീത്ത ബാരന്‍വാള്‍, ആദിത്യ ബംസായി, ബിമല്‍ പട്ടേല്‍ എന്നിവരെയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണചുമതലകളിലേക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ന്യൂക്ലിയാര്‍ എനര്‍ജി, പ്രൈവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ഓവര്‍സൈറ്റ് ബോര്‍ഡ്, ട്രഷറി എന്നീ വിഭാഗങ്ങളുടേ നേതൃസ്ഥാനത്തേക്കാണ് ഇവര്‍ നിയമിതരാകുന്നത്. 

ആണവോര്‍ജ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായാണ് റീത്തയെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആണവോര്‍ജ സാങ്കേതികവിദ്യകളുടെ ഗവേഷണവും അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണവും റീത്തയുടെ ചുമതലകളായി വരും. 

സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുളള മേല്‍നോട്ട സമിതിയില്‍ അംഗമായാണ് അദിത്യയെ തിരഞ്ഞെടുത്തിട്ടുള്ളത്. യുഎസ് സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് വിഭാഗം നടത്തുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ സമിതിയുടെ ചുമതല. കഴിഞ്ഞ രണ്ടുവര്‍ഷമായി വെര്‍ജീനിയ സര്‍വകലാശാലയില്‍ പഠിപ്പിക്കുന്ന ആദിത്യ ബംസായി യുഎസ് നീതി വകുപ്പിലെ ലീഗല്‍ കൗണ്‍സല്‍ ഓഫിസില്‍ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ബിമല്‍ ട്രെഷറിയില്‍ അസിസ്റ്റന്റെ സെക്രട്ടറിയായാണ് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. മൂവരുടെയും പേരുകള്‍ അടങ്ങിയ നാമനിര്‍ദ്ദേശ പട്ടിക വൈറ്റ് ഹൗസില്‍ നിന്ന് സെനറ്റിലേക്ക് കൈമാറിക്കഴിഞ്ഞു. യുഎസ് സെനറ്റിന്റെ അംഗീകാരം മാത്രമാണ് ഇനി നിയമനത്തിന് ആവശ്യമായുള്ളത്. 

മൂന്ന് ഡസണിലധികം ഇന്ത്യന്‍ വംശജരെ ട്രംപ് ഇതിനോടകം അമേരിക്കയിലെ സുപ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചിട്ടുണ്ട്. അമേരിക്കന്‍ ക്യാബിനറ്റ് റാങ്കിങ് പദവി നേടിയ ആദ്യ ഇന്ത്യന്‍ വംശജ നിക്കി ഹാലിയും അമേരിക്കന്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന രാജ് ഷായും സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com