നെയ്റോബി ഹോട്ടലിൽ ഭീകരാക്രമണം; 21 മരണം; 19 പേരെ കാണാനില്ല

കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ഹോട്ടൽ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി
നെയ്റോബി ഹോട്ടലിൽ ഭീകരാക്രമണം; 21 മരണം; 19 പേരെ കാണാനില്ല

നെയ്റോബി: കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ഹോട്ടൽ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. 19 പേരെ കാണാതായി. മരണ സംഖ്യ കൂടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 

അൽ ഖ്വയ്ദയുടെ സഖ്യ സംഘടനയായ സൊമാലിയയിലെ അൽ ഷബാബ് എന്ന ഭീകര സംഘടനയാണ് ബുധനാഴ്ച നയ്റോബിയിലെ ദുസിറ്റ്ഡി2 സമുച്ചയത്തിൽ ആക്രമണം നടത്തിയത്. ജറുസലമിനെ ഇസ്രേയൽ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരായ പ്രതികരണമാണ് ആക്രമണമെന്ന് അൽ ഷബാബ് അറിയിച്ചു. അതേസമയം പ്രതികാരം തീർക്കാൻ കെനിയയെ ലക്ഷ്യമിട്ടത് എന്ത് കാരണത്താലാണെന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല.

ഹോട്ടൽ സമുച്ചയത്തിൽ പ്രവേശിച്ച എല്ലാ ഭീകരരെയും 20 മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം വധിച്ചതായി കെനിയൻ പ്രസിഡന്റ് ഉഹുറു കെന്യാട്ട പറഞ്ഞു. ഒരു ഭീകരൻ ചാവേർ ബോംബായി പൊട്ടിത്തെറിച്ചു. എത്ര പേരാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും കറുത്ത വസ്ത്രമണി‍ഞ്ഞ നാല് ഭീകരർ ഹോട്ടലിലേക്ക് ആയുധങ്ങളുമായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ പുറത്തുവിട്ടു.

101 മുറികളുള്ള ഹോട്ടൽ, ഭക്ഷണശാല, സ്പാ, ഓഫീസ് കെട്ടിടങ്ങൾ എന്നിവയടങ്ങിയ ദുസിറ്റ്ഡി2 എന്ന സമുച്ചയത്തിലാണ് ആക്രമണമുണ്ടായത്. ഏഴുനൂറോളം പേരെ ഇവിടെനിന്നു സുരക്ഷിതമായി ഒഴിപ്പിച്ചു. ഭീകരരും സുരക്ഷാ സൈനികരും തമ്മിൽ പലതവണ വെടിവയ്പുണ്ടായി. 

2011 ൽ ഭീകരരെ നേരിടാൻ സോമാലിയയിലേക്കു സൈന്യത്തെ അയച്ചതു മുതൽ കെനിയക്കെതിരെ അൽ ഷബാബ് ആക്രമണം നടത്തി വരികയാണ്. 2013 ൽ വെസ്റ്റ്ഗേറ്റ് ഷോപ്പിങ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 67 പേർ കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com