വെനസ്വേല: പ്രതിപക്ഷ നേതാവിനെ പ്രസിഡന്റായി അംഗീകരിക്കുന്നുവെന്ന് ട്രംപ്; പിന്തുണയേറുന്നു, പ്രതിസന്ധി രൂക്ഷം

യുഎസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ച മദുറോ രാജ്യത്തുള്ള യുഎസ് പ്രതിനിധികള്‍ 24 മണിക്കൂറിനകം മടങ്ങിപ്പോകണമെന്ന അന്ത്യശാസനവും പുറപ്പെടുവിച്ചു. വാഷിങ്ടണിലിരുന്ന് വെനസ്വ
വെനസ്വേല: പ്രതിപക്ഷ നേതാവിനെ പ്രസിഡന്റായി അംഗീകരിക്കുന്നുവെന്ന് ട്രംപ്; പിന്തുണയേറുന്നു, പ്രതിസന്ധി രൂക്ഷം

കറാകാസ്‌ : രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന വെനസ്വേലയില്‍ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വെയ്‌ദോയ്ക്ക് യുഎസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ. കാനഡ, ബ്രസീല്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ ജനങ്ങളുടെ അഭിപ്രായം തള്ളിക്കളയരുതെന്ന തീരുമാനമാണ് യൂറോപ്യന്‍ യൂണിയന്‍ എടുത്തിരിക്കുന്നത്. ജനാധിപത്യ സര്‍ക്കാരിനെയാണ് വെനസ്വേലയിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത്. സമാധാനവും നീതിപൂര്‍ണവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും സ്വസ്ഥമായി ജോലി ചെയ്ത് ജീവിക്കുന്നതിനാവശ്യമായ സാഹചര്യങ്ങളുമാണ് അവര്‍ക്ക് വേണ്ടതെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. രണ്ട് ദിവസമായി രാഷ്ട്രീയ അസ്ഥിരത തുടരുന്ന വെനസ്വേലയില്‍ 14 പേരാണ് ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടത്. 

വെനസ്വേലയുടെ രാഷ്ട്രീയപ്രതിസന്ധിക്കുള്ള പരിഹാരം മദുറോയുടെ മുന്നിലുണ്ടെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. രാഷ്ട്രീയമായും സാമ്പത്തികമായും മദുറോ രാജ്യത്തെ നശിപ്പിച്ചുവെന്നും പ്രതിപക്ഷത്തെ പരിഗണിച്ചതേയില്ലെന്നും ട്രംപ് വിമര്‍ശിച്ചു. മദുറോ സര്‍ക്കാരിനെതിരെ നയതന്ത്രപരമായും സാമ്പത്തികമായും സമ്മര്‍ദ്ദം ചെലുത്തുമെന്നും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും വ്യക്തമാക്കി.  

ഇതോടെ യുഎസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ച മദുറോ രാജ്യത്തുള്ള യുഎസ് പ്രതിനിധികള്‍ 24 മണിക്കൂറിനകം മടങ്ങിപ്പോകണമെന്ന അന്ത്യശാസനവും പുറപ്പെടുവിച്ചു. വാഷിങ്ടണിലിരുന്ന് വെനസ്വേല ഭരിക്കാമെന്നത് യുഎസിന്റെ മോഹം മാത്രമാണെന്നും മദുറോ തുറന്നടിച്ചു. മദുറോയ്ക്ക് പിന്തുണയുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. വെനസ്വേലയില്‍ ആഭ്യന്തര കലാപം സൃഷ്ടിക്കാനുള്ള യുഎസ് നീക്കം അപലപനീയമാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റഷ്യയ്ക്ക് പുറമേ തുര്‍ക്കിയും ക്യൂബയും ബൊളീവിയയുടെ ഇവോ മൊറേല്‍സും മദുറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

എന്നാല്‍ മദുറോയുടെ ഏകാധിപത്യത്തില്‍ നിന്നും വെനസ്വേലയെ മോചിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ഇതിന് തിരിച്ചടിയുണ്ടാകുമെന്ന് അറിയാമെന്നും 35 കാരനായ ഗ്വെയ്‌ദോ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഭരണഘടന പുനഃസ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിന് വെനസ്വേലന്‍ ജനതയുടെ പിന്തുണ വേണമെന്നും ഗ്വെയ്‌ദോ അഭ്യര്‍ത്ഥിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com